NEWSROOM

16 വര്‍ഷത്തെ അധ്വാനം; നജീബായി ജീവിച്ച പൃഥ്വിക്ക് ജന്മനാടിന്‍റെ അംഗീകാരം

അവസാന റൗണ്ടിലടക്കം മമ്മൂട്ടിയെ പോലെയുള്ള പ്രതിഭാധനരുമായി മത്സരിച്ചാണ് നേട്ടം താരത്തിന്‍റെ കൈകളിലെത്തുന്നത്

Author : ന്യൂസ് ഡെസ്ക്

നോവലില്‍ ബെന്യാമിന്‍ വരച്ചിട്ട നജീബിന്‍റെ രൂപം ബ്ലെസി വെള്ളിത്തിരയില്‍ വരച്ചിട്ടപ്പോള്‍ പൃഥിരാജ് എന്ന നടന്‍ നജീബായി ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു. ആ അധ്വാനത്തിന് , പ്രയത്നത്തിന്, സമര്‍പ്പണത്തിന് മികച്ച നടനുള്ള ജന്മനാടിന്‍റെ അംഗീകാരം. 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജിന്‍റെ ഈ നേട്ടത്തിന് തിളക്കം അല്‍പ്പം കൂടും. അവസാന റൗണ്ടിലടക്കം മമ്മൂട്ടിയെ പോലെയുള്ള പ്രതിഭാധനരുമായി മത്സരിച്ചാണ് നേട്ടം താരത്തിന്‍റെ കൈകളിലെത്തുന്നത്.

2006-ല്‍ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്കാരം വാസ്തവത്തിലൂടെ ഏറ്റുവാങ്ങുമ്പോള്‍ പഴങ്കഥയായത് ഏറ്റവും ചെറിയ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ മോഹന്‍ലാലിന്‍റെ റെക്കോര്‍ഡ്. കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയില്‍ പുതിയ മാനങ്ങള്‍ തേടിപ്പോയ പൃഥ്വിക്ക് മുന്നില്‍ ദേശവും ഭാഷയും വഴിമാറി. മലയാളവും തമിഴും ഹിന്ദിയുമൊക്കെയായി ആ അഭിനയ ജീവിതം പടര്‍ന്നു പന്തലിച്ചു.

മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്‍റെ ജീവിതം കമല്‍ സിനിമയാക്കിയപ്പോള്‍ സെല്ലുലോയിഡിലൂടെ 2012-ല്‍ രണ്ടാമത്തെ സംസ്ഥാന പുരസ്കാരം. നടന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങാതെ സിനിമയുടെ പുതിയ വഴികള്‍ പൃഥ്വിരാജ് തേടിപ്പോയി. സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍, ഗായകന്‍ അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി.

ലോക സിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയെ അടയാളപ്പെടുത്തുന്ന സിനിമയായി ആടുജീവിതം മാറുമെന്ന അണിയറക്കാരുടെ വിശ്വാസത്തിനുള്ള ആദ്യത്തെ അംഗീകാരമായി കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ലഭിച്ച ഒൻപത് പുരസ്കാരങ്ങള്‍.

SCROLL FOR NEXT