NEWSROOM

പാലക്കാട് തെരഞ്ഞെടുപ്പ് 'സ്പിരിറ്റ്' കൂടുന്നോ? ഒരു മാസത്തിനിടെ പിടിച്ചെടുത്തത് 5560 ലിറ്റർ വ്യാജ സ്പിരിറ്റ്

കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയിൽ നിന്നും 1326 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസിലെ പ്രതിക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപണം ഉന്നയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് പാലക്കാട് സിപിഎമ്മും കോൺഗ്രസും പരസ്പരം ആരോപണം ഉന്നയിക്കുമ്പോള്‍ ഒരു മാസത്തെ കണക്കുകള്‍ പുറത്ത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഒരു മാസത്തിനിടെ പിടിച്ചെടുത്തത് 5560 ലിറ്റർ സ്പിരിറ്റാണ്.

കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയിൽ നിന്നും 1326 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസിലെ പ്രതിക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി എം.ബി. രാജേഷും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവുമാണ് ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പിൽ സ്പിരിറ്റ് ഒഴുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയവർ പാലക്കാട് ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും മന്ത്രി പറഞ്ഞു. സ്പിരിറ്റുമായി പിടികൂടിയ മുരളി കോൺഗ്രസ് നേതാവിൻ്റെ ബന്ധുവാണെന്നാണ് ഇ.എൻ. സുരേഷ് ബാബുവിന്‍റെ ആരോപണം. തൊട്ടുപിന്നാലെ സിപിഎമ്മിന് മറുപടിയുമായി ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതനും രംഗത്തെത്തി. സ്പിരിറ്റിന്‍റെ ഉറവിടവും യഥാർഥ ഉടമസ്ഥരെയും കണ്ടെത്താന്‍ സുമേഷ് മന്ത്രി എം.ബി. രാജേഷിനെ വെല്ലുവിളിച്ചു.

എന്നാൽ, കോൺഗ്രസും സിപിഎമ്മും പരസ്പരം ആരോപണം ഉന്നയിക്കുമ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് കൊഴിഞ്ഞാമ്പാറയിൽ നിന്നും പുറത്തു വരുന്നത്. ഒരു മാസത്തിനുള്ളിൽ 5660 ലിറ്റർ സ്പിരിറ്റാണ് ഈ മേഖലയിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്. എരുത്തേമ്പതി തെങ്ങിൻ തോപ്പിൽ നിന്നും 2730 ലിറ്റർ, ചിറ്റൂർ പാലപള്ളത്ത് നിന്നും 102 ലിറ്റർ, പെരുമാട്ടി കന്നിമാരിയിലെ വീട്ടിൽ നിന്നും 1400 ലിറ്റർ, വണ്ണാമടയിൽ നിന്നും സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 102 ലിറ്റർ, വണ്ണാമട തെങ്ങിൻതോപ്പിൽ സൂക്ഷിച്ച 1326 ലിറ്റർ എന്നിങ്ങനെയാണ് ഒരു മാസത്തിനുളളിൽ പിടിച്ചെടുത്ത സ്പിരിറ്റിന്‍റെ കണക്ക്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക പിന്തുണ സ്പിരിറ്റ് കച്ചവടക്കാർക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നം ഉപതെരഞ്ഞെടുപ്പിലെ വിവാദം മാത്രമായി ഒതുങ്ങരുതെന്നും കർശന നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.

SCROLL FOR NEXT