പത്തനംതിട്ടയിൽ ഹോം നഴ്സിൻ്റെ മർദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ 59കാരൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. ബിഎസ്എഫിൽ നിന്ന് വിആർഎസ് എടുത്ത ശശിധരൻപിള്ള ഏറെനാളായി മറവി രോഗത്തിൻ്റെ ചികിത്സയിലായിരുന്നു. മരണത്തിന് കാരണം ഹോം നഴ്സ് ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ALSO READ: കാസർഗോഡ് കാണാതായ 17കാരി മരിച്ച സംഭവം: പ്രതിക്കെതിരെ തെളിവുകൾ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്
അൽസൈമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതിക്രൂരമായി മർദിച്ചത്. ബന്ധുക്കൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് മർദന ദൃശ്യങ്ങൾ കാണുന്നത്. നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൊടുമൺ പൊലീസ് കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.
ശശിധരൻ പിള്ളയെ സഹായിക്കാനായി അടൂരിലെ ഏജൻസി വഴി വിഷ്ണു എന്ന ഹോം നഴ്സിനെ ബന്ധുക്കൾ ജോലിക്ക് നിർത്തുകയും ചെയ്തു. എന്നാൽ ഏപ്രിൽ 22ന് തിരുവനന്തപുരം പാറശ്ശാലയിലുള്ള ബന്ധുക്കൾക്ക്, വിഷ്ണുവിൻ്റെ ഫോൺ കോൾ വന്നു. ശശിധരൻ പിള്ളയ്ക്ക് വീണ് പരിക്കേറ്റെന്നായിരുന്നു കോള്‍. ബന്ധുക്കളെത്തി ശശിധരൻ പിള്ളയെ ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റതിൽ ബന്ധുക്കൾക്ക് സംശയം തോന്നി. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്.