2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ രേഖപ്പെടുത്തിയ വേട്ടുകളുടെ എണ്ണവും പോൾ ചെയ്യപ്പെട്ട വോട്ടുകളും എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട്. ഏകദേശം ആറ് ലക്ഷം വോട്ടുകളുടെ വ്യത്യാസമാണ് രാഷ്ട്രീയ പരിഷ്‌കരണങ്ങൾക്കായി പ്രവർത്തിക്കുന്ന പ്രത്യേക ഗ്രൂപ്പായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) കണ്ടെത്തിയത്. 362 മണ്ഡലങ്ങളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ വോട്ട് രേഖപ്പെടുത്തിയെങ്കിലും ഇവയിൽ പലതും എണ്ണിയിട്ടില്ലെന്നും എഡിആർ ആരോപിച്ചു.
538 ലോക്‌സഭാ മണ്ഡലങ്ങളിലായി പോൾ ചെയ്യപ്പെട്ട വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകളിൽ നിന്ന് തന്നെ വ്യക്തമായി മനസിലാക്കാൻ സാധിക്കുമെന്ന് എഡിആർ സ്ഥാപകൻ ജഗ്‌ദീപ് ചോക്കർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ വ്യത്യാസത്തിൻ്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി വിശദീകരിക്കണമെന്നും ജഗ്‌ദീപ് ചോക്കർ അഭിപ്രായപ്പെട്ടു. 2019 ലെ തെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള അട്ടിമറികൾ സംഭവിച്ചിരുന്നു. അന്ന് സുപ്രീംകോടതിയിൽ ഒരു ഹർജി നൽകിയിരുന്നെങ്കിലും ഇതുവരെ വിചാരണ നടന്നിട്ടില്ലെന്ന് ജഗ്‌ദീപ് ആരോപിച്ചു.
എഡിആറിൻ്റെ കണക്ക് പ്രകാരം ചില മണ്ഡലങ്ങളിൽ പോൾ ചെയ്തതിനേക്കാൾ അധികം വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ ചിലയിടത്ത് പോൾ ചെയ്തതിനേക്കാൾ കുറച്ച് വോട്ടുകളാണ് എണ്ണിയത്. കൂടുതൽ വോട്ടുകൾ എണ്ണപ്പെട്ട ഓരോ മണ്ഡലത്തിലും പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ ഒന്നു മുതൽ 3,811 വരെ വ്യത്യസമുണ്ടായിരുന്നു.
പോൾ ചെയ്തതിനേക്കാൾ കുറച്ച് വോട്ടുകൾ എണ്ണപ്പെട്ടപ്പോൾ, ഓരോ സീറ്റിലും ഒന്നു മുതൽ 16,791 വരെ വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ രണ്ട് സാഹചര്യങ്ങളും തെരഞ്ഞടുപ്പ് ഫലത്തെ സാരമായി ബാധിച്ചിരുന്നില്ലെന്ന് എഡിആർ വ്യക്തമാക്കി.
എഡിആറിൻ്റെ കണക്കനുസരിച്ച്, ബിജെപിയുടെ ഭാരത് ഭായ് മനുഭായ് സുതാരിയ വിജയിച്ച ഗുജറാത്തിലെ അമ്റേലി, കോൺഗ്രസിൻ്റെ അടൂർ പ്രകാശ് വിജയിച്ച കേരളത്തിലെ ആറ്റിങ്ങൽ, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ദാമൻ ദിയു എന്നിവിടങ്ങളിൽ മാത്രമാണ് കൃത്യമായി പോൾ ചെയ്ത വോട്ടുകൾ മുഴുവൻ എണ്ണിയിരിക്കുന്നത്.
വിവിധ കാരണങ്ങളാൽ നിരസിച്ച വോട്ടുകൾ ഉൾപ്പെടെ എല്ലാ വോട്ടർമാരുടെ എണ്ണവും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എഡിആർ നൽകിയ ഹർജി സുപ്രീം കോടതി പുനരാരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൻ്റെ മധ്യത്തിൽ കേസ് ഫയൽ ചെയ്ത എഡിആർ, ഓരോ ഘട്ടത്തിന് ശേഷവും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഡാറ്റകൾ സമാഹരിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെ ചെയ്യുന്നത് തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് പാനലിന് അമിതഭാരം നൽകുമെന്നും ചൂണ്ടിക്കാട്ടി കോടതി ഈ ഹർജി നിരസിച്ചു.
അതേസമയം വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അസംതൃപ്തരായ സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണൽ വീണ്ടും പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വാഗ്‌ദാനം നൽകിയിരുന്നു. ഇത്തരത്തിൽ എട്ട് അപേക്ഷകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞയാഴ്ച അറിയിച്ചു.