NEWSROOM

പുത്തുമലയില്‍ എട്ട് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍; നടക്കും മാറാതെ തോട്ടം മേഖല

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ഇതിലും ഇരട്ടിയാണ്

Author : ന്യൂസ് ഡെസ്ക്

കാട്ടാനയുടെ ആക്രമണത്തില്‍ നടുക്കം മാറാതെ തോട്ടം മേഖല. കാടിറങ്ങുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 6 പേരാണ് വയനാട് മേപ്പാടിയില്‍ കൊല്ലപ്പെട്ടത്. എരിയുന്ന വയറിന്റെ വിശപ്പടക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാര്‍ ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്.


കാട്ടാന ആക്രമണം സ്ഥിരമായ പുത്തുമല ഫോറസ്റ്റ് റെയിഞ്ച് പരിധിയില്‍ 8 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ആറുപേരാണ്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ഇതിലും ഇരട്ടിയാണ്. 4 വര്‍ഷം മുമ്പാണ് എരുമക്കൊല്ലി സ്വദേശി ഹനീഫ കുന്നമ്പറ്റയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ കാഴ്ചക്കാരനായി നിന്ന ഹനീഫയെ കാട്ടാന കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചുളിക്ക സ്വദേശി മണി ജോലിക്കിടെ കൊല്ലപ്പെട്ടത്. തകരാറിലായ പൈപ്പ് അറ്റകുറ്റപ്പണി നടത്താനായി പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തല്‍ക്ഷണം മണി മരണപ്പെട്ടു.

ഇതേ മേഖലയിലെ എളംബലേരി റിസോര്‍ട്ടില്‍ വിനോദസഞ്ചാരത്തിന് എത്തിയ യുവതിയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2022 ലായിരുന്നു വടകര സ്വദേശിനി ഷഹാന സത്താര്‍ ആണ് കൊല്ലപ്പെട്ടത്. റിസോര്‍ട്ടില്‍ നിന്നും മൂത്രപ്പുരയിലേക്ക് നടന്നു പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. 2 വര്‍ഷം മുമ്പ് അരുണമല സ്വദേശി മോഹനനും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമിച്ചത്. കൂടെയുള്ളവര്‍ ആനയെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.


5 വര്‍ഷം മുമ്പാണ് കുന്നമ്പറ്റ സ്വദേശിനി പാര്‍വതി എസ്റ്റേറ്റിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിനിരയാവുന്നത്. ഗുരുതരമായി പരിക്കേറ്റ് ഒരു മാസക്കാലം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞു. പിന്നീടാണ് പാര്‍വതി മരണപ്പെട്ടത്. ചോലമല കുഞ്ഞവറാന്‍ മുസ്ലിയാരാണ് ബാലകൃഷ്ണന് മുമ്പ് അവസാനമായി കാട്ടാനയുടെ ആക്രമണത്തിനിറയാകുന്നത്. എസ്റ്റേറ്റിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ ദിവസം അട്ടമല സ്വദേശി ബാലകൃഷനും. ആളുകള്‍ കൊല്ലപ്പെടുന്നത് തുടരുമ്പോഴും യാതൊരുവിധ പ്രതിരോധ നടപടികളും വനം വകുപ്പ് സ്വീകരിക്കുന്നില്ല എന്നുള്ളതാണ് പ്രദേശവാസികളുടെ പരാതി.

SCROLL FOR NEXT