NEWSROOM

മലപ്പുറത്തെ നിപ ഭീതിയിൽ ഇന്നും ആശ്വാസം; ആറ് പേരുടെ കൂടെ സ്രവ പരിശോധനാഫലം നെഗറ്റീവ്

നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്തെ നിപ ഭീതിയിൽ വലിയ ആശ്വാസം. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായി. നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുള്ള രണ്ടു പേരെ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ള നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് .മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.


സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ബെംഗളൂരുവില്‍ ക്വാറൻ്റൈനില്‍ കഴിയുന്നവർക്ക് സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സഹപാഠികളാണ് ഇവർ. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്.

SCROLL FOR NEXT