യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ശ്രമമായി നടന്ന യുക്രൈൻ സമാധാന ഉച്ചകോടി അവസാനിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ 90 ലേറെ രാജ്യങ്ങൾ പങ്കെടുത്തു. എന്നാൽ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കുന്നതിൽ നിന്ന് ഇന്ത്യ ഉൾപ്പടെ 7 രാജ്യങ്ങൾ വിട്ടുനിന്നു. സപോറിഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രൈന് തിരിച്ചു നല്കണമെന്നും, കപ്പലുകൾക്കും ,തുറമുഖങ്ങൾക്കും നേരെ ഉണ്ടാകുന്ന ആക്രണമങ്ങൾ അവസാനിപ്പിക്കണം എന്നും പ്രസ്താവനയിൽ ആവശ്യപെട്ടിരുന്നു. എന്നാൽ ഉച്ചകോടിയിൽ നിരീക്ഷകരായി നിന്ന ബ്രസീൽ , ഇന്ത്യ, സൗദി അറേബ്യ , ദക്ഷിണാഫ്രിക്ക , തായ്‌ലാൻഡ്, ഇന്തോനേഷ്യ , മെക്സിക്കോ , യു എ ഇ എന്നീ രാജ്യങ്ങൾ പ്രസ്താവന അംഗീകരിച്ചില്ല. 79 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
15 ,16 തീയതികളിൽ സ്വിറ്റസർലാന്റിലെ ബർഗൻസ്റ്റോക്കിലാണ് ഉച്ചകോടി നടന്നത്. റഷ്യക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ചൈനയെ ക്ഷണിച്ചെങ്കിലും ഉച്ചകോടിയിലേക്ക് പ്രതിനിധിയെ അയക്കാതെ വിട്ടുനിന്നു. റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയായ തുർക്കി പ്രസ്താവനയിൽ ഒപ്പുവെച്ചത് യുക്രൈന് ആശ്വാസമായി. ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനീകരിച്ച് വിദേശകാര്യ സെകട്ടറി പവൻ കപൂർ പങ്കെടുത്തു. ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ രീതിയിലാണ് സമാധാനം പുനംസ്ഥാപിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇപ്പോഴും ചിലർ 'ബാലൻസിങ്ങിനു' ശ്രമിക്കുകയാണെന്നും, റഷ്യൻ സൈന്യം യുക്രൈനിൽ നിന്നും പിന്മാറിയാൽ നാളെ തന്നെ ചർച്ചക്ക് തയ്യാറാണെന്നും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. 2022 ഫെബ്രുവരി മുതൽ ആരംഭിച്ച യുദ്ധം ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു.