ഫ്രഞ്ച് ഭരണകാലത്തെ മാഹി പള്ളി 
NEWSROOM

മയ്യഴി വിമോചനത്തിന് 70 വയസ്സ്

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്രമാഘോഷിച്ചെങ്കിലും ആറ് വർഷങ്ങൾക്ക് ശേഷമാണ് മാഹിക്ക് സ്വാതന്ത്ര്യം ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

മയ്യഴി ഫ്രഞ്ച് ഭരണത്തിൽ നിന്ന് മോചനം നേടിയിട്ട് ഇന്ന് ഏഴുപതു വർഷം. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്രമാഘോഷിക്കുമ്പോഴും മാഹിയില്‍ ഫ്രഞ്ച് പതാക പാറിക്കൊണ്ടിരുന്നു. മയ്യഴിയുടെ വിമോചനത്തിന് പിന്നെയും നീണ്ട ആറു വർഷങ്ങള്‍ വേണ്ടിവന്നിരുന്നു.

ഫ്രഞ്ച് സാമ്രാജ്യത്വ ഭരണം അവസാനിപ്പിച്ച് മയ്യഴിയെ മാതൃരാജ്യത്തോട് കൂട്ടിച്ചേർക്കണം. അതിന് ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടകൾക്കു വിരിമാറു കാണിക്കാൻ തയാറെടുത്തുകൊണ്ട് 1954 ജൂലൈ 14 ന് ഐ. കെ കുമാരനെന്ന ഗാന്ധീയന്‍റെ നേതൃത്വത്തില്‍ സമരസേനാനികള്‍ മയ്യഴിയിലേക്ക് മാർച്ച് നടത്തി. ഫ്രഞ്ചുവിപ്ലവത്തിന്‍റെ ചരിത്രദിനമായിരുന്നു അത്.

മയ്യഴി പാലം കടന്നാല്‍ വെടിയുണ്ടകൾ കൊണ്ട് വരവേല്‍ക്കും എന്ന മുന്നറിയിപ്പിനെ വെല്ലുവിളിച്ചാണ് ആ മാർച്ച്. ഇന്ത്യയുടെ സ്വാതന്ത്രാനന്തരം ഒക്ടോബർ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച അതേ മണ്ണില്‍ അഹിംസയെ കൈവെടിയരുത് എന്ന മുന്നറിയിപ്പുണ്ടായിരുന്നു സംഘത്തിന്. എന്തും വരാമെന്ന് പ്രതീക്ഷിച്ചുതന്നെ അവർ ‘ഫ്രാൻസ്വെ ക്വിത്തലേന്ത്’ - അഥവാ ഫ്രഞ്ചുകാർ ഇന്ത്യവിടുകയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

മയ്യഴി പാലം കടന്ന് ഭരണസിരാകേന്ദ്രമായ ‘ഒത്തേൽ ദ്യു ഗുവെർണമ’യ്ക്കു മുന്നിലെത്തി. പട്ടാളക്കാരോ വെടിയുണ്ടകളോ വഴി തടഞ്ഞില്ല. പകരം, ബംഗ്ലാവിന്റെ ഗേറ്റ് തുറന്നുവന്ന മയ്യഴി അഡ്മിനിസ്ട്രേറ്റർ മുസ്യേ ദെഷോം, ‘മായേ സേത്താവൂ’ – മയ്യഴി നിങ്ങളുടേതാണ് എന്ന് അറിയിച്ചു. ബ്രിട്ടീഷുകാരുടെ പിന്‍വാങ്ങലിനും ആറുവർഷങ്ങള്‍ക്ക് ശേഷം ഫ്രഞ്ചുകാർ മയ്യഴിയില്‍ നിന്ന് കപ്പലുകയറി. പിറ്റേദിവസം, 1954 ജൂലൈ 16ന് മയ്യഴി ജനതയെ സാക്ഷിയാക്കി ഐ.കെ കുമാരനെന്ന മയ്യഴി ഗാന്ധി ഫ്രഞ്ചുപതാകയെ കുന്നിറക്കി, ഖദർ നൂലിൽ നെയ്‌തെടുത്ത ത്രിവർണ പതാക ഉയർത്തിക്കെട്ടി.

SCROLL FOR NEXT