നടുഭാഗം ചുണ്ടൻ വള്ളം 
NEWSROOM

70മത് നെഹ്റു ട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടനെ അവഗണിക്കുന്നു എന്ന് വള്ളംകളി പ്രേമികൾ

ആരും സംരക്ഷിക്കാനില്ലാതെ പ്ലാസ്റ്റിക് കവറിട്ട് മൂടിയ അവസ്ഥയിലാണ് ചരിത്രശേഷിപ്പായ നടുഭാഗം ചുണ്ടൻ വള്ളം

Author : ന്യൂസ് ഡെസ്ക്

70മത് നെഹ്റു ട്രോഫി വള്ളംകളിക്കായുള്ള ഒരുക്കങ്ങൾ പുന്നമട കായലിൽ പുരോഗമിക്കുന്നു. ഇതിനിടെയാണ് നടുഭാഗം ചുണ്ടനെ അവഗണിക്കുന്നുവെന്ന പരാതി ഉയരുന്നത്.  നെഹ്റു ട്രോഫിക്ക് കാരണമായിത്തീർന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചുണ്ടൻവള്ളം സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതിനെ തുടർന്നാണ് വിവാദങ്ങൾ ഉയർന്നു വരുന്നത്.


1952 ൽ മീനപ്പള്ളി വട്ടക്കായലിൽ നടന്ന വള്ളംകളിയിൽ നടുഭാഗം ചുണ്ടനാണ് വിജയം കരസ്ഥമാക്കിയത്. വള്ളംകളി നേരിട്ട് കണ്ട പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആവേശത്തിൽ വള്ളത്തിൽ ചാടി കയറി എന്നും ഡൽഹിയിൽ തിരിച്ചെത്തി വെള്ളിയിൽ തീർത്ത ട്രോഫി അയച്ചു. ഇപ്പോൾ ആരും സംരക്ഷിക്കാനില്ലാതെ പ്ലാസ്റ്റിക് കവറിട്ട് മൂടിയ അവസ്ഥയിലാണ് ചരിത്രശേഷിപ്പായ നടുഭാഗം ചുണ്ടൻ വള്ളം.

ആദ്യഘട്ടത്തിൽ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതിയാണ് നെഹ്റുവിനോടുള്ള ആദര സൂചകമായി നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിയത്. 

വേമ്പനാട്ട് കായലിൻ്റെ ഓളപരപ്പുകളെ വകഞ്ഞുമാറ്റി പാഞ്ഞ ചുണ്ടൻ വള്ളമാണ് ഇന്നിപ്പോൾ പുറമ്പോക്ക് ഭൂമിയിൽ വെയിലും മഴയുമേറ്റ് കിടക്കുന്നത്. വളളം പൂർണ്ണമായി നശിക്കുന്നത്തിന് മുൻപ് അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികളും നാട്ടുകാരും.

SCROLL FOR NEXT