NEWSROOM

ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപിക്ക് തിരിച്ചടി; "ആം ആദ്മിയിൽ ഇനി വിശ്വാസമില്ല"; 8 എംഎൽഎമാർ പാർട്ടി വിട്ടു

രാജി വെയ്ക്കുന്നതിനെ പറ്റി കുറേ നാളുകളായി ആലോചിക്കുകയാണെന്നായിരുന്നു രാജിക്ക് ശേഷം എംഎൽഎ മദൻലാലിൻ്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആംആദ്‌മി പാർട്ടിയിൽ കൂട്ട രാജി. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തിൽ അഞ്ച് ദിവസത്തിനിടെ എട്ട് ആംആദ്‌മി എംഎൽമാർ രാജിവെച്ചു. രോഹിത് കുമാർ മെഹ്‌റൗലിയ, രാജേഷ് ഋഷി , മദൻ ലാൽ , നരേഷ് യാദവ് , ഭൂപീന്ദർ സിംഗ് ജൂൺ ,ഭാവന ഗൗർ, പവൻ ശർമ്മ, ഗിരീഷ് സോനി എന്നിവരാണ് രാജിവെച്ചത്. ആം ആദ്മി പാർട്ടിയിൽ വർധിച്ചു വരുന്ന അഴിമതിയെ തുടർന്നാണ് രാജിയെന്ന് മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ് പറഞ്ഞു.



രാജി വെയ്ക്കുന്നതിനെ പറ്റി കുറേ നാളുകളായി ആലോചിക്കുകയാണെന്നായിരുന്നു രാജിക്ക് ശേഷം എംഎൽഎ മദൻലാലിൻ്റെ പ്രതികരണം. പാർട്ടിയിൽ പ്രവർത്തിക്കാൻ തോന്നുന്നില്ല, കുറേ നാളായി രാജിക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഇത്തവണ സീറ്റ് ലഭിക്കാതിരുന്നിട്ടും പാർട്ടിയിൽ തുടർന്നു. എന്നാൽ സീറ്റ് നൽകിയവരെ കാണുമ്പോൾ, പാർട്ടി ഏറ്റവും മോശം തീരുമാനമെടുത്തതായി തോന്നിയെന്നും മദൻലാൽ പറഞ്ഞു.

എഎപി അതിൻ്റെ ആദ്യകാല പ്രത്യയശാസ്ത്രത്തിൽ നിന്ന് അകന്നതായും പാർട്ടി നേതൃത്വം അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നും ആരോപിച്ചാണ് ഭൂപീന്ദർ സിങ് രാജി വെച്ചത്. മദ്യനയ അഴിമതിക്കേസിലും സ്വാതി മാലിവാളിനെതിരായ കേസിലും പാർട്ടി നേതൃത്വത്തിലെ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നും രാജിവെച്ച എഎപി എംഎൽഎ പറഞ്ഞു.

അതേസമയം വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. പാർട്ടി ദളിതർക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് നേതാക്കൾ എഎപി വിട്ടിരുന്നെന്ന് ബിജെപി എംപി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇപ്പോൾ പാർട്ടിയിലെ അഴിമതിയിൽ മനംമടുത്ത് 7 എംഎൽഎമാർ കൂടി രാജിവെച്ചു. ഡൽഹി ജനത അവരുടെ സർക്കാരിനെ ഉറപ്പിച്ചുവെന്നതാണ് ഈ രാജികളിൽ നിന്ന് മനസിലാകുന്നതെന്നും ഡൽഹിയിൽ ബിജെപി അധികാരത്തിൽ വരുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.


SCROLL FOR NEXT