NEWSROOM

മരിയോപോളിലെ 85 'പട്ടിണി' ദിനങ്ങള്‍ : റഷ്യയുടെ മേൽ യുദ്ധക്കുറ്റം ആരോപിച്ച് പഠന റിപ്പോർട്ട്

യുക്രൈന്‍ പിടിച്ചടക്കുന്നതിന്‍റെ ഭാഗമായി മരിയോപോളിലെ ജനങ്ങള്‍ക്ക് റഷ്യ വെള്ളവും ഭക്ഷണവും നിഷേധിച്ചുവെന്ന കണ്ടെത്തലുമായി പഠന റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

85 ദിവസങ്ങള്‍ കൊണ്ടാണ് റഷ്യ യുക്രൈന്‍ നഗരം മരിയോപോള്‍ പിടിച്ചെടുക്കുന്നത്. 2022ന്‍റെ തുടക്കത്തില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തില്‍ മരിയോപോളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും ജലവും നിഷേധിക്കപ്പെട്ടു എന്ന കണ്ടെത്തലുമായി പുതിയ പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.യുക്രൈന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റൈറ്റ്‌സ് കംപ്ലയന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം മരിയോപോളിലെ പട്ടിണിക്കിടല്‍ റഷ്യയുടെ യുദ്ധതന്ത്രത്തിന്‍റെ ഭാഗമായിരുന്നു. ഇതിലൂടെ റഷ്യൻ നേതാക്കൾ സാധാരണ ജനങ്ങളെ കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും പഠനം പറയുന്നു.

10 ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയിലാണ് വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയില്ലാതെ മരിയോപോളിലെ ജനങ്ങൾക്ക് കഴിയേണ്ടി വന്നത്. യുക്രൈൻ യുദ്ധത്തിന് മുന്നോടിയായി നടന്ന പിടിച്ചടക്കലിൽ 22000 പേരാണ് മരിച്ചത്. ഈ പട്ടിണിക്കിടലിനു പിന്നിൽ റഷ്യൻ നേതൃത്വവും പട്ടാളവും ചേർന്ന് രൂപകൽപ്പന ചെയ്ത വിശാലമായ ഗൂഢാലോചനയുണ്ടെന്നാണ് ഗ്ലോബല്‍ റൈറ്റ്‌സ് കംപ്ലയന്‍സിന്‍റെ ഭാഗമായ ക്യാട്രിയോന മർഡോക്കിന്‍റെ അഭിപ്രായം. അങ്ങനെയാണ് സംഭവിച്ചതെങ്കിൽ ഇത് യുദ്ധ കുറ്റമായാണ് പരിഗണിക്കപ്പെടുക.

നാല് ഘട്ടങ്ങളായാണ് റഷ്യ മരിയോപോളിനെ ആക്രമിച്ചത്. ആദ്യം അവിടുത്തെ തന്ത്രപ്രധാനമായ കെട്ടിട സമുച്ഛയങ്ങൾ ഇല്ലാതെയാക്കി . പിന്നീട് ജലം, താപ സംവിധാനം, വൈദ്യുതി എന്നിവ വിച്‌ഛേദിച്ചു. മൂന്നാമതായി സാധാരണക്കാർ വെള്ളത്തിനും രോഗ ശുശ്രൂഷക്കുമായി ആശ്രയിക്കുന്ന ഇടങ്ങളിലാണ് ബോംബുകൾ വർഷിക്കപ്പെട്ടത് . അവസാനമായി, ശേഷിച്ച സംവിധാനങ്ങളെ എല്ലാം റഷ്യൻ സേന പിടിച്ചടക്കി. മരിയോപോളിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ യുദ്ധ കുറ്റമായി കണക്കാക്കണമെന്നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പറയുന്നത്.

കഴിഞ്ഞ മാസമാണ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ, ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ്‌ ഗാലന്‍റിനും എതിരെ യുദ്ധ കുറ്റത്തിന് അറസ്റ്റ് വാറന്‍റ് ആവശ്യപ്പെടുന്നത്‌. ഗാസയിലെ ജനങ്ങളെ മനപ്പൂർവം പട്ടിണിക്കിട്ടു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. പട്ടിണിയ്ക്കിടുന്നതിനെ ഒരു യുദ്ധക്കുറ്റമായി പരിഗണിച്ചു കണ്ട ആദ്യ സന്ദർഭമായിരുന്നു ഇത്. ഗാസക്കു പിന്നാലെ മരിയോപോളിലെ കേസും കൂടിയാകുമ്പോൾ ഈ വിഷയം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാകുമെന്നത് തീർച്ചയാണ്. 

പ്രത്യക്ഷത്തിൽ, വലിയ യുദ്ധങ്ങളിൽ നാശനഷ്ടങ്ങൾക്ക് കാരണം തോക്കുകളും ബോംബുകളുമാണ് . എന്നാല്‍ ആക്രമിക്കപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ മനസികമായും ശാരീരികമായും തകരുന്നത് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുമ്പോഴാണ്. വിശേഷിച്ച് വെള്ളവും ഭക്ഷണവും. ഇവയുടെ ലഭ്യത ഇല്ലാതാകുന്നിടത്ത് ജനങ്ങൾക്കു മുന്നിൽ രണ്ട് വഴികളാണ് അവശേഷിക്കുക. മരണം അല്ലെങ്കിൽ കീഴടങ്ങൽ! അതുകൊണ്ട് തന്നെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി ഈ റിപ്പോർട്ടിന്മേൽ എടുക്കുന്ന ഏത് തീരുമാനവും മനുഷ്യാവകാശ പ്രശ്‍നങ്ങളിലെ കോടതിയുടെ അഭിപ്രായപ്രകടനം കൂടിയാവും.

SCROLL FOR NEXT