ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥന ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 87 പേർ മരണപ്പെട്ടു. പ്രാദേശിക ആത്മീയ കേന്ദ്രത്തിൽ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബന്ധുക്കളെത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സൂക്ഷിച്ച മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തെ പറ്റി അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. പ്രാദേശിക ആത്മീയ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടിയ്ക്ക് ശേഷം ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങിയതോടെയാണ് തിരക്ക് രൂപപ്പെട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ആളുകൾ മരിച്ച വാർത്ത ഹൃദയഭേദകമാണെന്നും, അനുശോചനം രേഖപ്പടുത്തുന്നതായും രാഷ്ട്രപതി പ്രതികരിച്ചു.