ഉത്തർപ്രദേശിലെ ബറേലിയിൽ 13 മാസത്തിനിടെ സമാന പ്രായക്കാരായ ഒൻപത് സ്ത്രീകളെ സമാനമായ രീതിയിൽ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സീരിയൽ കില്ലർ ആണോയെന്ന് സംശയം. ഇരകളുടെ തന്നെ സാരി കൊണ്ട് കഴുത്ത് ഞെരിച്ചാണ് എല്ലാ കൊലപാതകങ്ങളും നടത്തിയിരിക്കുന്നത്.
40 മുതൽ 65 വയസ് പ്രായപരിധിയിലുള്ള എട്ട് സ്ത്രീകളാണ്, കഴിഞ്ഞ വർഷം ശീഷ്‌ഗഡ്, ഷെർഗഡ്, ഷാഹി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊല്ലപ്പെട്ടത്. എല്ലാ കൊലപാതകങ്ങളിലും ഇരകളുടെ മൃതശരീരത്തിൽ നിന്ന് വസ്ത്രം മാറ്റിയ നിലയിലായിരുന്നു. ഇവയെല്ലാം കരിമ്പിൻ തോട്ടങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. എന്നാൽ, ശരീരത്തിൽ പീഡനത്തിൻ്റെയോ, ലൈംഗികമായി ഉപദ്രവിച്ചതിന്റെയോ തെളിവുകളൊന്നും ഇല്ല. കണ്ടെത്തിയ മൃതദേഹങ്ങളിലെല്ലാം അവരവരുടെ സാരി കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു.
ഇതിൽ മൂന്ന് കൊലപാതകങ്ങൾ നടന്നത് ജൂണിലാണ്. ജൂലൈയിലും ഓഗസ്റ്റിലും ഒക്ടോബറിലും ഓരോ കൊലപാതകങ്ങൾ വീതവും, രണ്ടെണ്ണം നവംബറിലുമായാണ് നടന്നത്. ഈ എട്ട് കൊലപാതകങ്ങൾക്ക് ശേഷം, 300 പൊലീസുകാർ 14 സംഘമായി തിരിഞ്ഞ് പട്രോളിങ് നടത്തുകയും, പരിസരത്തുള്ള കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, പിന്നീട് ഇവിടെ കൊലപാതകങ്ങൾ നടന്നില്ല. മുൻപ് നടന്ന കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടുവാനും പൊലീസിന് സാധിച്ചില്ല.
ഇക്കഴിഞ്ഞ ജൂലൈയിൽ, അനിത എന്ന 45 വയസുള്ള സ്ത്രീയെ സമാനമായ രീതിയിൽ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷെർഗഡിലെ ഭുജിയ ജാഗിർ ഗ്രാമത്തിൽ താമസിക്കുന്ന അനിത, കിർഖാ ഗ്രാമത്തിലുള്ള തന്റെ അമ്മ വീട്ടിലേക്ക് പോയിരുന്നു. ജൂലൈ രണ്ടിന് പണം എടുക്കാനായി ബാങ്കിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ അനിതയെ പിന്നീട്, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കരിമ്പിൻ തോട്ടത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലർ ആണെന്ന സംശയത്തിലാണ് പൊലീസും.
കൊലപാതകം നടന്ന പരിസരത്തുള്ള ആളുകളോട് സംസാരിച്ചതിന് ശേഷം പൊലീസ് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ടു. രേഖാ ചിത്രത്തിലുള്ള ആരെയെങ്കിലും കണ്ടെത്തുകയാണെങ്കിൽ ബറേലിയിലെ പൊലീസിൽ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. മൊബൈൽ നമ്പർ: 9554402549, 925825696.