ഹജ്ജിനിടെ 98 ഓളം ഇന്ത്യക്കാർ മരണപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം. സ്വാഭാവിക മരണമാണെന്നാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം. മരണപ്പെട്ട തീര്‍ഥാടകരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 200ലധികം തീര്‍ത്ഥാടകര്‍ക്കാണ് മക്കയില്‍ നിന്നും ജീവന്‍ നഷ്ടപ്പെട്ടത്. കടുത്ത ചൂടുമായി ബന്ധപ്പെട്ടുണ്ടായ അസുഖങ്ങളാണ് പ്രധാനമായും മരണത്തിന് കാരണമായത്.
ഏകദേശം 52 ഡിഗ്രി സെലിഷ്യസ് ചൂടാണ് ഇത്തവണ മക്കയില്‍ അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഇത് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണെന്നും അസാധാരണമെന്ന് പറയാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു.
സൗദി അറേബ്യ നടത്തിയ പഠനപ്രകാരം എല്ലാ പതിറ്റാണ്ടിലും മക്കയില്‍ 0.4 ഡിഗ്രീ തോതില്‍ ചൂട് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മക്കയില്‍ 51.8 ഡിഗ്രി ചൂട് സ്ഥിരീകരിച്ചതായി സൗദിയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം ഏകദേശം 1.8 ദശലക്ഷം തീര്‍ഥാടകരാണ് ഹജ്ജില്‍ പങ്കെടുത്തത്. പകല്‍ ചൂടുള്ള സമയങ്ങളില്‍ കുടകള്‍ ഉപയോഗിക്കാനും ധാരാളം വെള്ളം കുടിക്കാനും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും സൗദി അധികൃതര്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഈ വർഷം ഇതുവരെ 1,75,000 ഇന്ത്യക്കാർ ഹജ്ജിനായി സൗദി സന്ദർശിച്ചതായി സർക്കാർ അറിയിച്ചു.