NEWSROOM

കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു

ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴും ശ്രീധരനെ പന്നി ആക്രമിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ പാനൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. പാനൂർ വള്ള്യായിലെ ശ്രീധരനാണ് മരിച്ചത്. കൃഷിയിടത്തിൽ വെച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. അതേസമയം, ശ്രീധരനെ കൊലപ്പെടുത്തിയ കാട്ടുപന്നിയേയും പ്രദേശവാസികൾ നിയമവിധേയമായി വെടിവെച്ച് കൊന്നിട്ടുണ്ട്.

ഇന്ന് രാവിലെ 9 മണിയോടെയാണ് ശ്രീധരനെ കൃഷിയിടത്തിൽ വെച്ച് കാട്ടുപന്നി ആക്രമിക്കുന്നത്. മരച്ചീനി, വാഴ, പച്ചക്കറി തുടങ്ങിയവയായിരുന്നു പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ ശ്രീധരൻ കൃഷി ചെയ്തിരുന്നത്. ഇതിന് നനയ്ക്കാനും മറ്റുമായി എത്തിയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴും ശ്രീധരനെ പന്നി ആക്രമിച്ചിരുന്നു.

ഉടൻ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കാർഷിക വിളകൾ നശിപ്പിക്കുന്നതും രാത്രികാലങ്ങളിൽ പുറത്തിറങ്ങാനാകാത്തതും ജനജീവിതം ദുസ്സഹമാക്കുകയാണ്.

SCROLL FOR NEXT