NEWSROOM

ഡൽഹിയിൽ എഎപി സര്‍ക്കാരിനെ ഭരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടില്ല; ബിജെപിയുടെ വിജയത്തിന് കോണ്‍ഗ്രസും കാരണമായി: എ.എ. റഹീം

സര്‍ക്കാര്‍ വിരുദ്ധ വികാരം കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വ്വം ഉണ്ടാക്കുകയായിരുന്നുവെന്നും കെജ്‌രിവാള്‍ സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ ഭരിക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും റഹീം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ഡല്‍ഹിയില്‍ ബിജെപി വിജയിക്കുന്നതിന് കോണ്‍ഗ്രസും കാരണമായെന്ന് എം.പി എ.എ. റഹീം. പരിഹാസത്തിന്റെ കൊടി കൊണ്ടു നടക്കുന്നവര്‍ കോണ്‍ഗ്രസാണ്. അവര്‍ക്ക് ഡല്‍ഹിയില്‍ ഒരു സീറ്റു പോലും ലഭിച്ചില്ല. അരവിന്ദ് കെജ്‌രിവാളും മോദിയും ഒരുപോലെയാണെന്ന് പ്രസംഗിച്ച രാഹുല്‍ ഗാന്ധി കാണിച്ചത് രാഷ്ട്രീയ ഉത്തരവാദിത്തമില്ലായ്മയാണെന്നും എ.എ. റഹീം ന്യൂസ് മലയാളം ചര്‍ച്ചയില്‍ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ വികാരം കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വ്വം ഉണ്ടാക്കുകയായിരുന്നുവെന്നും കെജ്‌രിവാള്‍ സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ ഭരിക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും റഹീം പറഞ്ഞു.

'പരിഹസിച്ചവര്‍ക്ക് ഇപ്പോള്‍ ഒരു സീറ്റും ഇല്ലാതായി. കോണ്‍ഗ്രസാണ് സ്ഥിരമായി പരിഹാസത്തിന്റെ കൊടി കൊണ്ടുനടക്കുന്നവര്‍. ഇങ്ങനെ പോയാല്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വരെ ഇനി എതിര്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യാമല്ലോ. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സ്വന്തം സ്ഥലത്ത് അവര്‍ പൂജ്യമാണ്. കോണ്‍ഗ്രസ് ഇനിയെങ്കിലും ആ പരിഹാസം നിര്‍ത്തണം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒരു സ്‌പോയില്‍ ഫാക്ടര്‍ ആയി പ്രവര്‍ത്തിച്ചു എന്നത് സത്യമാണ്. അത് ആകെ കിട്ടിയ വോട്ട് ഷെയര്‍ വെച്ചുകൊണ്ട് തന്നെ പറയാന്‍ കഴിയും,' റഹീം പറഞ്ഞു.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലാണ് കോണ്‍ഗ്രസ് അവിടെ പ്രവര്‍ത്തിച്ചത് എന്നും റഹീം പറഞ്ഞു. കോണ്‍ഗ്രസ് ചെയ്തത് അങ്ങേയറ്റത്തെ രാഷ്ട്രീയപരമായ തെറ്റാണ്. ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയ തെറ്റിന് മാപ്പ് ലഭിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അവിടെ എടുത്ത സമീപനവും നോക്കേണ്ടതാണ്. ഇന്ത്യയുടെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പോയി സംസാരിക്കുകയാണ് അരവിന്ദ് കെജ് രിവാളും നരേന്ദ്ര മോദിയും സമമാണെന്ന്. അത് ശരിയാണോ? എന്താണ് കോണ്‍ഗ്രസ് അതിലൂടെ പറയാന്‍ ഉദ്ദേശിച്ചത്? എന്താണ് ജനങ്ങള്‍ അതില്‍ മനസിലാക്കേണ്ടത്? കോണ്‍ഗ്രസിന് രാഷ്ട്രീയം പറയാനുള്ള അവകാശമുണ്ട്. പക്ഷെ അത് പറഞ്ഞത് പ്രതിപക്ഷ നേതാവാണ്. ആ പ്രസ്താവനയുടെ വിശ്വാസ്യത എന്താണ്? അവാസ്തവമായ കാര്യങ്ങള്‍ റോഡില്‍ നിന്ന് വിളിച്ചു പറയാനുള്ള ആളല്ല പ്രതിപക്ഷ നേതാവ്. അത് രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തമില്ലായ്മയാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. അത് അരവിന്ദ് കെജ്‌രിവാള്‍ ഗവണ്‍മെന്റിനോടുള്ള പ്രശ്‌നമല്ല. സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ വിട്ടിട്ടില്ല. സര്‍ക്കാരിനെ പാരലൈസ് ചെയ്യുകയാണ് ചെയ്തത്. മന്ത്രിയായിരിക്കെ മനീഷ് സിസോദിയയെയും മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെയും പിടിച്ച് ജയിലിനകത്തിട്ടു. ലഫ്. ഗവര്‍ണറെ ഉപയോഗപ്പെടുത്തി ബിജെപി ഭരണ സ്തംഭനം നടത്തി.

ജനങ്ങള്‍ക്ക് ക്ഷേമം ലഭിക്കാത്ത തരത്തിലോ ജനങ്ങള്‍ക്ക് ക്ഷേമകാര്യങ്ങള്‍ മുടങ്ങുന്ന വിധമോ ഒരു ഭരണ സ്തംഭനം ഉണ്ടായി. അത് ജനങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഉണ്ടാക്കി. ആം ആദ്മി സര്‍ക്കാരിനെ അല്ല നമുക്ക് അതില്‍ കുറ്റപ്പെടുത്താന്‍ സാധിക്കുക. കേന്ദ്രസര്‍ക്കാരിന്റെ ഭരണാധികാരം ഉപയോഗപ്പെടുത്തി നടത്തിയ അധാര്‍മികമായ രാഷ്ട്രീയ നീക്കമാണത്. ഇത് ഒരു കാര്യം.

മറ്റൊന്ന് പാര്‍ലമെന്റില്‍ നിയമം കൊണ്ട് വന്ന്, ഡല്‍ഹി സര്‍ക്കാരിന് ഉണ്ടായിരുന്ന പരിമിതമായ അധികാരങ്ങള്‍ കൂടി എടുത്തുകളഞ്ഞു. പാര്‍ലമെന്റിലൂടെ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച്, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്ലാ തരത്തിലും ഒരു സര്‍ക്കാരിനെ ചങ്ങലക്കിട്ടു. സ്വാഭാവികമായും ഒരു സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള ശക്തി കുറഞ്ഞു. അത് സര്‍ക്കാര്‍ വിരുദ്ധ വികാരമായി ഉയര്‍ന്നു. ഇത് ജനാധിപത്യ വിരുദ്ധ നീക്കമാണ് എന്ന് നമ്മള്‍ ഈ സന്ദര്‍ഭത്തില്‍ പറയാതെ പോകരുത്.

SCROLL FOR NEXT