എഎ റഹീം 
NEWSROOM

"പ്രിയങ്കയ്ക്ക് കൂടോത്രമേല്‍ക്കാതിരിക്കാനുള്ള പൂര്‍വക്രിയകള്‍ രാഹുല്‍ ഗാന്ധി ചെയ്യണം"; പരിഹസിച്ച് എ.എ. റഹീം

ഖാര്‍ഗെയുടെ പാര്‍ട്ടി കേരളത്തില്‍ കൂടോത്ര പാര്‍ട്ടിയായി മാറി. കോണ്‍ഗ്രസുകാര്‍ കാരണം രാജ്യം തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥ

Author : ന്യൂസ് ഡെസ്ക്

കൂടോത്ര വിവാദത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എ.എ. റഹീം എംപി. ഹത്രസ് ദുരന്തത്തെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു റഹീമിന്റെ പരിഹാസം. "ദുരന്തം നടന്ന സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചില്ല. എന്തുകൊണ്ട് പ്രധാനമന്ത്രി അവിടെ പോകുന്നില്ല? എഫ്‌ഐആറില്‍ സ്വയംപ്രഖ്യാപിത ആള്‍ ദൈവത്തിന്റെ പേരില്ല. ഇതാണോ ജനാധിപത്യ രാജ്യത്തില്‍ ഉണ്ടാകേണ്ടത്. പൊലീസ് രാജിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യുപി. നിയമത്തിനും അപ്പുറത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വേട്ടയാടുമെന്ന് പറഞ്ഞവരല്ലേ? പരിശോധനയ്ക്ക് ബിജെപി തയ്യാറാകുമെന്ന് കരുതുന്നുമില്ല," റഹീം പറഞ്ഞു.

രാജ്യസഭയില്‍ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചയാളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍, ആ ഖാര്‍ഗയുടെ പാര്‍ട്ടി കേരളത്തില്‍ കൂടോത്ര പാര്‍ട്ടിയായി മാറിയെന്നായിരുന്നു റഹീമിന്റെ വിമര്‍ശനം. "കെപിസിസി അധ്യക്ഷന്റെ വീട്ടില്‍നിന്ന് കൂടോത്ര സാധനങ്ങള്‍ കണ്ടെത്തുന്നു. കെപിസിസി ഓഫീസ് കുഴിച്ചു നോക്കിയാല്‍ എന്തെല്ലാം കാണും. പ്രിയങ്കയ്ക്ക് കൂടോത്രമേല്‍ക്കാതിരക്കാനുള്ള പൂര്‍വ്വക്രിയകള്‍ രാഹുല്‍ ഗാന്ധി ചെയ്യണം. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും ചിത്രങ്ങള്‍ കെപിസിസി ഓഫീസില്‍ നിന്ന് എടുത്തു മാറ്റണം. കോണ്‍ഗ്രസുകാര്‍ കാരണം രാജ്യം തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥയാണ്," റഹീം പരിഹസിച്ചു.

നീറ്റ്-നെറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും റഹീം വിമര്‍ശിച്ചു. "കേന്ദ്ര സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അനിശ്ചിതത്വത്തിന്റെ പൊരിവെയിലത്ത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും നിര്‍ത്തുകയാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഒരക്ഷരം മിണ്ടുന്നില്ല. അവരും മറുപടി പറയാന്‍ തയ്യാറാകണം. മറ്റ് മെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകളിലും അനിശ്ചിതത്വം തുടരുകയാണ്. വിഷയത്തില്‍ ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും," റഹീം പറഞ്ഞു.

കാര്യവട്ടം ക്യാമ്പസ് സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ തരംതാഴ്ത്താന്‍ ശ്രമിക്കുന്നുവെന്നും റഹീം വിമര്‍ശിച്ചു. "കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും നല്ല സമര രീതിക്ക് പിറവി നല്‍കിയ ഇടമാണ് കാര്യവട്ടം ക്യാമ്പസ്. എന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിദ്യാര്‍ത്ഥികളെയും എസ്എഫ്‌ഐയേയും തരംതാഴ്ത്താന്‍ ശ്രമിക്കുന്നത്. എംജി കോളേജിലും, ധനുവച്ചപുരം വിടിഎം എൻഎസ്എസിലും എന്തുകൊണ്ട് കോണ്‍ഗ്രസ് പോകുന്നില്ല? കേരളത്തിന്റെ കലാലയങ്ങളില്‍ വര്‍ഗീയശക്തികള്‍ക്ക് കടന്നു കയറാന്‍ കഴിയാത്തത് എസ്എഫ്‌ഐ ഉരുക്ക് കോട്ടയായി നില്‍ക്കുന്നത് കൊണ്ടാണ്. എസ്എഫ്‌ഐക്കെതിരെ സംഘടിതമായ കടന്നാക്രമണമാണ് നടക്കുന്നത്. ഏറ്റവും പ്രൗഢഗംഭീരമായ ചരിത്രമുള്ള സംഘടനയാണ് എസ്എഫ്‌ഐ," റഹീം പറഞ്ഞു.

SCROLL FOR NEXT