ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു വീണു. 1710 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചുകൊണ്ടിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. ഭഗല്‍പൂരിനെ ഖാഗരിയ ജില്ലയുമായി ബന്ധിപ്പിക്കുന്ന സുല്‍ത്താന്‍ഗഞ്ച്-അഗുവാനി പാലമാണ് തകര്‍ന്നത്.
നിര്‍മാണ പ്രവൃത്തി ആരംഭിച്ചതിന് ശേഷം മൂന്നാമത്തെ തവണയാണ് പാലം തകര്‍ന്ന് വീഴുന്നത്. പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് ഒന്‍പത് വര്‍ഷത്തോളമായി. എന്നാൽ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ചെയ്യുന്ന എസ്.കെ സിങ്കള കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പാലം പൊളിഞ്ഞു വീണത് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ: "തെറ്റ് ചെയ്തിട്ടില്ല, രാജി വെക്കില്ല"; ഭൂമി കുംഭകോണ കേസിലെ ഗവർണർ ഉത്തരവിന് പിന്നാലെ സിദ്ധരാമയ്യ
പാലത്തിന്റെ ഭാഗം തകർന്ന് വീഴുന്നത് കണ്ടു കൊണ്ടിരുന്ന ഒരു വ്യക്തി ഇത് തന്റെ ഫോണില്‍ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ വീഡിയോ വൈറൽ ആകുകയും ചെയ്തു.
2022 ജൂണ്‍ 30നായിരുന്നു പാലത്തിന്റെ ഒരു ഭാഗം ആദ്യം തകര്‍ന്നു വീണത്. പാലത്തിന്റെ അഞ്ച്, ആറ് നമ്പര്‍ പില്ലറുകളായിരുന്നു തകര്‍ന്നു വീണത്. 2023 ജൂണ്‍ നാലിന് വീണ്ടും പാലത്തിന്റെ മറ്റൊരു ഭാഗം തകര്‍ന്നു വീണു. പില്ലര്‍ നമ്പര്‍ 10 മുതല്‍ 12 വരെയുള്ള ഭാഗമാണ് തകര്‍ന്നു വീണത്.
2014 ഫെബ്രുവരി 23നാണ് പാലം നിര്‍മാണത്തിന്റെ തറക്കല്ലിട്ടത്. 2015 മാര്‍ച്ച് ഒന്‍പതിന് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതുവരെ 12 പാലങ്ങളാണ് ബിഹാറില്‍ തകര്‍ന്നു വീണിരിക്കുന്നത്.