വയനാട് ദുരിതബാധിതരെ സഹായിക്കാൻ കാനഡയിലെ തെരുവിൽ വയലിൻ വായിച്ച് ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ. കോട്ടയം തോട്ടയ്ക്കാട് സ്വദേശികളുടെ മകനായ സാം ടി. നൈനാൻ ആണ് കാനഡയിലെ തെരുവിൽ കലാപ്രകടനം നടത്തിയത്.
ഇതിലൂടെ സമാഹരിച്ച 61,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാം കൈമാറി. കോട്ടയം തോട്ടയ്ക്കാട് സ്വദേശി ടാജു എ. പൂന്നുസിൻ്റെയും സൂസൻ കോരയുടെയും മകനാണ് സാം ടി. നൈനാൻ. കാനഡയിൽ റിയാലിറ്റി ഷോ താരവുമാണ് വയലിനിസ്റ്റായ സാം.
വയനാട് ദുരിതബാധിതരെ സഹായിക്കാൻ തനിക്ക് എന്തു ചെയ്യാൻ സാധിക്കും, എന്ന ചിന്തയിലാണ് വയലിനുമായി സാം തെരുവിലേക്ക് ഇറങ്ങിയത്. 1000 രൂപയോളം സാം തെരുവിൽ കലാപ്രകടനം നടത്തി ശേഖരിച്ചു. മികച്ച സഹകരണമാണ് കാനഡക്കാർ നൽകിയതെന്ന് സാം പറഞ്ഞു.
നാട്ടിലുള്ള മാതാവിൻ്റെ സഹോദരൻ അഡ്വക്കേറ്റ് ടോം കോര മുഖേനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാം തുക കൈമാറിയത്. 2018ലെ പ്രളയകാലത്തും സമാനമായ രീതിയിൽ സാം ദുരിതബാധിതരെ സഹായിക്കുവാൻ രംഗത്ത് വന്നിരുന്നു.