കൊച്ചിയിൽ പാമ്പിനെ അപൂർവ ശസ്ത്രക്രിയ വിധേയമാക്കി. പാമ്പിൻ്റെ മൂക്കിലെ അർബുദ മുഴ നീക്കം ചെയ്യുന്നതിനാണ് ശസ്‌ത്രക്രിയ നടത്തിയത്. ഇതോടെ റെഡ് ടെയിൽഡ് ബോവയ്ക്ക് ഇത് പുനർജന്മം കൂടിയാണ്. റെഡ് ടെയിൽഡ് ബോവയ്ക്ക് എന്ന പാമ്പിന് ഇനി ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ആഹാരമെടുക്കാൻ സാധിക്കും. വളരെ അപൂർവമായി നടക്കുന്ന ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിൽ കഴിയുന്ന പാമ്പ് ഉടൻ ആശുപത്രി വിടുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
കൊച്ചിയിലെ ബേർഡിനെക്സ് എക്‌സോട്ടിക് പെറ്റ് സ്പെഷ്യാലിറ്റി ആശുപത്രിലായിരുന്നു പാമ്പിൻ്റെ ശസ്ത്രക്രിയ നടത്തിയത്. സൗത്ത് അമേരിക്കൻ ഇനമായ പാമ്പിൻ്റെ നാസദ്വാരത്തിലാണ് അർബുദ മുഴ കണ്ടെത്തിയത്. കൊച്ചി സ്വദേശി അരുമയായി വളർത്തുന്ന പാമ്പിന് എട്ടുമാസം പ്രായമുണ്ട്. ഒമ്പതടിയോളമുള്ള പാമ്പിന് അര ലക്ഷം രൂപയിലേറെയാണ് വില. പാമ്പുകളിലെ ശസ്ത്രക്രിയ അപൂർവമായാണ് നടത്തുന്നത്.
വിദേശയിനങ്ങളായ പാമ്പുകൾ, ഇഗ്വാനകൾ, മക്കാവുകൾ, തേളുകൾ, ചിലന്തികൾ തുടങ്ങിയവയെ ഇണക്കി വളർത്തുന്നവരും ഇന്ന് ധാരാളമാണ്. മൂന്നു മണിക്കൂർ കൊണ്ടാണ് റെഡ് ടെയിൽഡ് ബോവ പാമ്പിൻ്റെ ശസ്ത്രക്രിയ പൂർത്തിയായത്. മൂന്നു ദിവസത്തോളം നിരീക്ഷണത്തിലാണ്, ഭക്ഷണം കഴിക്കാൻ തുടങ്ങിയ ശേഷമാകും ഉടമയ്ക്ക് തിരികെ നൽകുകയെന്നും അധികൃതർ അറിയിച്ചു.