NEWSROOM

കേരളത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ തമിഴ്‌നാട്ടിലും കേസ്

കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ച ഹിന്ദുസ്ഥാൻ അഗ്രി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് കേസ്

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഹിന്ദുസ്ഥാൻ അഗ്രി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെ തമിഴ്നാട്ടിലും കേസ്. കമ്പനി ചെയർമാൻ തിരുനെൽവേലി സ്വദേശി രാം സുദർശനെതിരെ മധുര പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേരളത്തിൽ തട്ടിപ്പ് നടത്തുന്നതിന് മുൻപ് തന്നെ രാം സുദർശൻ തമിഴ്നാട്ടിൽ നിന്ന് പണം തട്ടിയതെന്നാണ് വിവരം. ഇയാൾ വണ്ണാർ പേട്ടയിൽ ഉണ്ടായിട്ടും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് കൊല്ലം ഈസ്റ്റ് പൊലീസ് നടപടിയെടുക്കാൻ കാലതാമസം വരുത്തുകയാണെന്ന ആരോപണവും ശക്തമാണ്.

2004-ൽ തമിഴ്‌നാട്ടിലെ 14 ജില്ലകൾ കേന്ദ്രീകരിച്ചാണ് ഹിന്ദുസ്ഥാൻ അഗ്രി ഇന്ത്യ എന്ന കമ്പനി പണപ്പിരിവ് ആരംഭിച്ചത്. 2018 ആയതോടെ പണം മടക്കി നൽകാതെ ബ്രാഞ്ചുകൾ അടച്ച് പൂട്ടി. ഇതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകി. പിന്നാലെ മധുര പൊലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗം രാം സുദർശൻ ഉൾപ്പെടെ പത്ത് പേരെ പ്രതി ചേർത്ത് എഫ്ഐആർ രേഖപ്പെടുത്തി. ഇതിനിടയിലാണ് 2011 ൽ ഹിന്ദുസ്ഥാൻ അഗ്രി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്.

കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ച കമ്പനി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്ന് 50 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ച് മുങ്ങുകയായിരുന്നു. 2022 ൽ കൊല്ലത്ത് നിന്ന് മുങ്ങിയ രാം സുദർശനെ കണ്ടെത്താൻ കൊല്ലം ഈസ്റ്റ് പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. തട്ടിയെടുക്കുന്ന പണം തിരുനൽവേലിയിൽ ബന്ധുക്കളുടെ പേരിൽ നിക്ഷേപിക്കുക എന്നതാണ് രാം സുദർശൻ്റെ പതിവ്. ഇയാൾ സീതാ പതി ബസ് സർവീസ്, സീതാ പതി ലോഡ്ജ് എന്നിവ ഈ തുക ഉപയോഗിച്ച് ആരംഭിച്ചതാണ്. നിരവധി കൃഷിയിടങ്ങളും ഇയാൾ ഇത്തരത്തിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. രാം സുദർശനെ കേരളത്തിലെത്തിക്കാൻ സംസ്ഥാന പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.

SCROLL FOR NEXT