NEWSROOM

കൊല്ലത്ത് യുവതിയെ ക്രൂരമായി മർദിച്ച സംഭവം; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസെടുത്തു

കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ചാണ് മർദനം

Author : ന്യൂസ് ഡെസ്ക്


കൊല്ലം ചവറയില്‍ 19 കാരിയായ യുവതിയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ചവറ പൊലീസ് ആണ് കേസെടുത്തത്. ഗാർഹിക പീഡനം, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം, തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഭർത്താവ് മഹേഷ്, സഹോദരൻ മുകേഷ് മാതാപിതാക്കളായ മുരളി, ലത എന്നിവരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം പരാതിയിൽ വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി നിർദ്ദേശിച്ചത്. കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ചാണ് 19 കാരിയായ കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയെ ഭർതൃവീട്ടുകാർ മർദിച്ചത്. 

ALSO READ: കുഞ്ഞിന് പാൽ നൽകിയില്ല; കൊല്ലത്ത് 19കാരിയായ അമ്മയ്ക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം

കാലും കൈയ്യും കെട്ടിയിട്ടാണ് യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചത്. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. ആക്രമണത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവുണ്ട്. ഭർത്താവും, ഭർത്താവിൻ്റെ സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് യുവതിയെ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും യുവതി പറഞ്ഞു.

SCROLL FOR NEXT