കന്നഡ നടൻ ദർശൻ 
NEWSROOM

ആരാധികയെ കൊലപ്പെടുത്തിയ കേസ്; കന്നഡ നടൻ ദർശൻ്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

പ്രതികൾ ഗൂഢാലോചന നടത്തിയാണ് കൊല ചെയ്തതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ആരാധികയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടന്‍ ദര്‍ശന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 18 വരെ നീട്ടി ബെംഗളൂരു കോടതി. കേസിലെ മറ്റ് പ്രതികളായ പവിത്ര ഗൗഡയുടെ അടക്കം 15 പേരുടെയും കസ്റ്റഡി കാലാവധി നീട്ടിയതായും കോടതി വ്യക്തമാക്കി. ദര്‍ശന്‍ ഉള്‍പ്പെടെയുള്ള കൊലക്കേസിലെ പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിച്ചതോടെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതികള്‍ക്ക് നിയമവ്യവസ്ഥയോട് ബഹുമാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കസ്റ്റഡി നീട്ടണമെന്ന് കോടതിയെ അറിയിച്ചത്. പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് കൊല ചെയ്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൂടാതെ കൊലപാതകത്തിന് ശേഷം എല്ലാ തെളിവുകളും നശിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ പ്രതികളുടെയും പങ്കിനെക്കുറിച്ച് അറിയാന്‍ കൂടുതല്‍ സമയം വേണം എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ച പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ ഒന്നിന്റെ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. നിലവില്‍ ജാമ്യം നല്‍കിയാല്‍ പ്രതിയുടെ ആരാധക വൃന്ദം ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് അപേക്ഷയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ദര്‍ശനെതിരായ കേസ്.

സംഭവത്തില്‍ ദര്‍ശനും ഇയാളുടെ പങ്കാളി പവിത്ര ഗൗഡയും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്. ദര്‍ശന്റെ കടുത്ത ആരാധികയായ രേണുക സ്വാമി, പവിത്ര ഗൗഡയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

SCROLL FOR NEXT