NEWSROOM

ഒറ്റപ്പാലത്ത് വിദ്യാർഥിയുടെ മൂക്കിൻ്റെ പാലം തകർത്ത് സഹപാഠി; സാജന് അതിക്രൂരമായ മര്‍ദനമാണ് ഏറ്റതെന്ന് പിതാവ്

സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്


പാലക്കാട് ഒറ്റപ്പാലത്ത് വിദ്യാർഥിയുടെ മൂക്കിൻ്റെ പാലം സഹപാഠി തകർത്തു. ശ്രീ വിദ്യാദി രാജ ഐടിഐയിലെ വിദ്യാർഥിക്ക് നേരെയാണ് സഹപാഠിയുടെ ആക്രമണം. ഐടിഐ വിദ്യാർഥിയായ സാജനെ സഹപാഠിയായ കിഷോർ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ സാജൻ്റെ മൂക്കിൻ്റെ പാലം തകർന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

സാജന് അതിക്രൂരമായ മര്‍ദനമാണ് ഏറ്റതെന്ന് പിതാവ് ജയരാജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ആക്രമണത്തിൽ കണ്ണിനോടും മൂക്കിനോടും ചേർന്ന ഭാഗം പൂർണമായും തകർന്നു. മൂക്കിനേറ്റ ഇടിയിൽ മൂക്കിൻ്റെ പാലം രണ്ടര സെൻ്റീമീറ്റർ അകത്തേക്ക് പോയി. പരിക്ക് കുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പുകളെ അടക്കം ബാധിച്ചു. കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നു പിതാവ് പറഞ്ഞു.

'തമ്പോല ടീം' എന്ന ഗ്യാങ്ങിന് ഒപ്പം നിന്നായിരുന്നു പ്രതിയുടെ പ്രവർത്തനം. ചോദ്യം ചെയ്താൽ തമ്പോല ടീമിനെ കൊണ്ട് പുറത്തുവച്ച് കൈകാര്യം ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തി. തമ്പോല ടീം നേരിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ നേരത്തെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും കുടുംബം പറഞ്ഞു.

താമരശേരിയിലെ സഹപാഠികളുടെ ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. വലതു ചെവിയുടെ മുകളിലായാണ് തലയോട്ടി തകർന്നത്. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകർന്നതെന്നാണ് പ്രാഥമിക വിവരം.



നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഷഹബാസിന് മർദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതുപയോഗിച്ച് ഷഹബാസിൻ്റെ തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.

SCROLL FOR NEXT