പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് പ്രവർത്തകനെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജൽപായ്ഗുരി ജില്ലയിലെ സജീവ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന മണിക് റോയ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ബുധനാഴ്ച രാത്രിയാണ് ഒരു സംഘം ആളുകൾ 48കാരനായ റോയിയെ മരത്തിൽ കെട്ടിയിട്ട് ഇരുമ്പ് കമ്പികളും വടികളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. റോയിയുടെ വീടിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. തുടർന്ന് പൊലീസ് സ്ഥലത്തെത്തി റോയിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അബോധാവസ്ഥയിലായിരുന്ന റോയിയെ ജൽപായ്ഗുരി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
സിലിഗുരി മേഖലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന റോയ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിലേക്കെത്തിയത്. ഇതിന് പിന്നാലെ ആക്രമണമുണ്ടാവുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ നേതാക്കളുടെ പിന്തുണയോടെ ചില ഗുണ്ടകള്‍ റോയിയെ ഭീഷണിപ്പെടുത്തിയിരുന്നതായും, ഇക്കാരണത്താലാണ് റോയ് സിലിഗുരിയിലേക്ക് താമസം മാറ്റിയതെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
റോയിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ ഇതുവരെ 5 പേരെ അറസ്റ്റുചെയ്തതായി ജൽപായ്ഗുരി പൊലീസ് അറിയിച്ചു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഭരണകക്ഷി ഭീകരതയുടെ മറ്റൊരു ഇരയാണ് റോയ് എന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ സൗമ്യ ഐച്ച് റോയ് ആരോപിച്ചു.