NEWSROOM

വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് പൊതു നിയമപ്രകാരവും ജീവനാംശത്തിന് അർഹതയുണ്ട്; സുപ്രിംകോടതി

നിയമസംഹിതകളിലെ മാറ്റം നിലവിൽ വന്ന ജൂലായ് ഒന്നിന് മുൻപുള്ള കേസുകൾക്ക് ഇത് ബാധകമാകും

Author : ന്യൂസ് ഡെസ്ക്

വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് പൊതു നിയമപ്രകാരവും ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രിംകോടതി. ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനൽ നടപടി ചട്ടത്തിലെ 125 ആം വകുപ്പ് പ്രകാരം കേസ് രജിസ്ടർ ചെയ്യാമെന്നാണ് കോടതി ഉത്തരവ്. നിയമസംഹിതകളിൽ മാറ്റം നിലവിൽ വന്ന ജൂലായ് ഒന്നിന് മുൻപുള്ള കേസുകൾക്ക് ഇത് ബാധകമാകും.

വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് പൊതു നിയമപ്രകാരം മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്നാണ് സുപ്രിംകോടതിയുടെ സുപ്രധാനമായ വിധി. മുൻ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് സമർപിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. മറ്റ് സ്ത്രീകളെ പോലെ മുസ്ലിം സ്ത്രീകൾക്കും ക്രമിനൽ നടപടി ചട്ടത്തിലെ പരിരക്ഷ ബാധകമാകും.

1986 ലെ മുസ്ലീം സ്ത്രീകളുടെ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സെക്ഷൻ 125 CrPC പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന് കുടുംബകോടതി ഉത്തരവിട്ടു. 2017-ൽ മുസ്ലീം വ്യക്തിനിയമപ്രകാരം ദമ്പതികൾ വിവാഹമോചനം നേടിയതിനാൽ ജീവനാശം നൽകാനാവില്ലെന്ന് ചൂണ്ടികാട്ടി ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.

എന്നാൽ പ്രതിമാസം 10,000 രൂപയാക്കി തുക കുറയ്ക്കുകയും ആറുമാസത്തിനകം കേസ് തീർപ്പാക്കാൻ കുടുംബകോടതിയോട് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. ഇതിനെതിരെയാണ് ഹർജിക്കാരൻ സുപ്രിം കോടതിയെ സമീപിച്ചത്. എല്ലാ വനിതകൾക്കും ക്രിമിനൽ നടപടി ചട്ടത്തിലെ 125 ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിന് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. സി ആർ പി സിയിൽ മാറ്റം വരുത്തി പുതിയ ചട്ടം നിലവിൽ വന്ന ജൂലായ് ഒന്നിന് മുൻപുള്ള കേസുകൾക്ക് ഈ വിധി ബാധകമാകും.

SCROLL FOR NEXT