NEWSROOM

ചാന്ദിപുര വൈറസ്; ഗുജറാത്തിൽ നാലു വയസുകാരി കൂടി മരിച്ചു, സംസ്ഥാനത്ത് ആകെ 14 മരണം

സംസ്ഥാനത്ത് ഇതുവരെ 29 വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ചാന്ദിപുര വൈറസ് അണുബാധയെ തുടർന്ന് ഗുജറാത്തിൽ നാലു വയസുകാരി കൂടി മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആരവല്ലി ജില്ലയിലെ മോട്ട കാന്താരിയ ഗ്രാമത്തിൽ നിന്നുള്ള നാലുവയസ്സുകാരി മരിച്ചത് സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ഹോസ്പിറ്റലിൽ ആണ്. കുട്ടിയുടെ പരിശോധന ഫലം പോസറ്റീവ് ആണെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത്  ചാന്ദിപുര വൈറസ് ബാധിച്ച്14 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇത് വരെ 29 വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉദയ്പൂർ സ്വദേശിയും ചന്ദിപുര വൈറസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട്, സുരേന്ദ്രനഗർ, അഹമ്മദാബാദ്, ജിഎംസി, എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളാണ് മരിച്ചത്. കൂടാതെ ഖേഡ, ഗാന്ധിനഗർ, പഞ്ച്മഹലാൻഡ് ജാംനഗർ ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റാബ്‌ഡോവിറിഡേ ഇനത്തിൽ പെട്ട വൈറസാണ് ചാന്ദിപുര. ഈഡിസ് ഈജിപ്റ്റി കൊതുകളും ചാന്ദിപുര വൈറസിൻ്റെ വാഹകരായി കണക്കാക്കപ്പെടുന്നു. വൈറസ് മൂലമുണ്ടാകുന്ന അണുബാധ കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് വ്യാപിച്ചാണ് മരണം സംഭവിക്കുക.

പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ചാന്ദിപുര വൈറസ് അണുബാധ പ്രകടമാകുന്നത്. രോഗം സ്ഥിരീകരിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരണത്തിലേക്ക് നയിച്ചേക്കാം. ഇന്ത്യയിൽ നിന്നുള്ള മുൻകാല പഠനങ്ങളിൽ ശ്വാസതടസ്സം, രക്തസ്രാവം, വിളർച്ച തുടങ്ങിയ മറ്റ് ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT