NEWSROOM

വെങ്ങൂരിൽ വീണ്ടും കാട്ടാനക്കൂട്ടം; രണ്ടാഴ്ചയ്ക്കിടെ ആനയിറങ്ങുന്നത് ഇത് നാലാം തവണ

വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽ കടവ് പ്രദേശത്താണ് കുട്ടിയാനകളടക്കം പന്ത്രണ്ടോളം ആനകൾ കൂട്ടമായെത്തിയത്

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂർ വെങ്ങൂരിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽ കടവ് പ്രദേശത്താണ് കുട്ടിയാനകളടക്കം പന്ത്രണ്ടോളം ആനകൾ കൂട്ടമായി എത്തിയത്. വെള്ളിയാഴ്ച രാത്രിയിൽ എത്തിയ കാട്ടാനക്കൂട്ടം ഇന്ന് രാവിലെയും ജനവാസ മേഖലയിൽ തുട‍ർന്നു.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാന കൂട്ടം ഇറങ്ങുന്നത്. ഇന്നലെ രാത്രി 12 ആനകളാണ് കൂട്ടമായി എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് ഈ ആനക്കൂട്ടത്തെ ഒച്ചയും ബഹളവും വച്ച് പുഴ കടത്തിവിട്ടു.

എന്നാൽ, ഏത് നിമിഷവും ആനക്കൂട്ടം തിരികെ ജനവാസ മേഖലയിലേക്ക് എത്തുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ഇവിടെയാണ് വീടുകൾക്ക് മുന്നിലുള്ള റോഡിലൂടെ ആനക്കൂട്ടം ഓടിപ്പോയത്. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിലേക്കാണ് ആന എത്തിയത്.

ഇതിന് ഒരു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പല തവണ അധികാരികളെ സമീപിച്ചിരുന്നുവെങ്കിലും, യാതൊരു പ്രയോജനവും ഇതുവരെ ഉണ്ടായിട്ടില്ല. വേനൽക്കാലത്ത് പുഴ കടന്ന് എത്തിയതിലും അധികം ആനകളാണ് ഇപ്പോൾ എത്തുന്നത് എന്നാണ് നാട്ടുകാരുടെ അഭിപ്രായം.

SCROLL FOR NEXT