സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതല യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്നരയ്ക്കാണ് യോഗം. എക്സൈസ് മന്ത്രിയും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളും, സ്വീകരിച്ച നടപടികളും, ഉന്നതതല യോഗത്തിൽ ചർച്ചയാകും. ലഹരി വ്യാപനം തടയാൻ വിപുലമായ യോഗം ഈ മാസം മുപ്പതിന് സംസ്ഥാന സർക്കാർ വിളിച്ചിട്ടുണ്ട്. അതിനു മുന്നോടിയായി കൂടിയാണ് ഉന്നതതല യോഗം.
ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും. ലഹരിക്കെതിരെ സംയുക്ത ഓപ്പറേഷൻ നടത്താൻ പൊലീസും എക്സൈസും തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണര്‍ നോഡല്‍ ഓഫീസറാകും.
അടുത്ത കാലത്ത് ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെന്നും ഫലപ്രദമായ ഇടപെടലാണ് പൊലീസും എക്സൈസും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രായപൂർത്തിയാകാത്ത വ്യക്തികളിലേക്കും ലഹരി മാഫിയ കേന്ദ്രീകരിക്കുന്നുണ്ടെന്നും ലഹരിക്കെതിരായ പോരാട്ടം സേനകൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.