ഷിരൂർ ദൗത്യത്തിൽ നീണ്ട കാത്തിരിപ്പിന് ഇന്ന് തീരുമാനമായെന്നും അതിൽ മാധ്യമങ്ങൾ ചെയ്‌തത് നല്ല പ്രവൃത്തിയെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. ഇന്ന് നടത്തിയ നിർണായക തെരച്ചിലിൽ ട്രക്കും ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.ഇത് അർജുൻ്റെതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മൃതദേഹത്തിൻ്റെ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നും ടെസ്റ്റ് പൂർത്തിയാക്കാൻ 48 മണിക്കൂർ വേണ്ടി വരുമെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. അർജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമെന്നും തീരുമാനം ബന്ധുക്കളെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ALSO READ: എഴുപത്തൊന്ന് ദിവസങ്ങള്‍, നിരവധി മനുഷ്യർ; പ്രതിസന്ധികളെ അതിജീവിച്ച 'അർജുനായുള്ള തെരച്ചില്‍'...
ഇന്ന് ഗംഗാവലി പുഴയിലെ CP2 മേഖല കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് അർജുന്‍റെ ലോറിയും ഒപ്പം ഒരു മൃതദേഹവും കണ്ടെത്തിയത്. ലോറി അർജുന്‍റെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ലോറി നദിയിലകപ്പെട്ട് എഴുപത്തൊന്നാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോറിയുടെ ക്യാബിൻ പൂർണമായും തകർന്ന നിലയിലാണ് കണ്ടെത്തിയത്. പന്ത്രണ്ട് അടി താഴ്ചയിൽ നിന്നാണ് ലോറി ഉയർത്തിയത്തിയെടുത്തത്.
കർണാടകയിലെ ഷിരൂരിൽ ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. മണ്ണിടിച്ചിലില്‍ അര്‍ജുനും അകപ്പെട്ടിട്ടുണ്ടോയെന്ന് സംശയിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. കര-നാവിക സേനകളും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും പൊലീസുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെങ്കിലും ലോറി കണ്ടെത്താനായിരുന്നില്ല. മഴ ശക്തമായത് മൂലം ഇടയ്ക്ക് വെച്ച് തെരച്ചിൽ നിർത്തി വെക്കേണ്ടതായും വന്നു. പിന്നീട് തെരച്ചിൽ പുനരാരംഭിക്കുകയും തെരച്ചിലിൽ ലോറിയുടെ എഞ്ചിൻ കണ്ടെത്തുകയും ചെയ്തിരുന്നു.