NEWSROOM

പഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും

മകളുടെ മുന്നില്‍ വെച്ചാണ് കൊച്ചി സ്വദേശിക്ക് തീവ്രവാദ ആക്രമണത്തിൽ വെടിയേറ്റത്

Author : ന്യൂസ് ഡെസ്ക്


ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. മകളുടെ മുന്നില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.

രാമചന്ദ്രൻ കുടുംബ സമേതമാണ് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരിലേക്ക് എത്തിയത്. ഭാര്യയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ പുറത്തിറങ്ങിയിരുന്നില്ല. രാമചന്ദ്രന്‍ തന്റെ മകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമാണ് ബൈസാരന്‍ താഴ്‌വാരത്തിലേക്ക് പോയത്. അവിടെ വെച്ച് തീവ്രവാദ ആക്രമണം ഉണ്ടായതിന് പിന്നാലെ കുട്ടികള്‍ ചിതറിയോടുകയായിരുന്നു. ഇവർ സുരക്ഷിതരായി സൈനിക ക്യാംപിലുണ്ടെന്നാണ് ലഭ്യമായ വിവരം.

മൃതദേഹം ജമ്മു കശ്മീരിലെ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചു. 24 പേരാണ് തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് നിലവില്‍ ലഭ്യമായ വിവരം. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടുകൂടിയാണ് ആക്രമണം നടന്നത്.

നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. പ്രദേശത്ത് ട്രെക്കിങ്ങിനായി എത്തിയവര്‍ക്ക് നേരയാണ് സൈനികരെന്ന വ്യാജേന വേഷം മാറിയെത്തിയ തീവ്രവാദികള്‍ ആക്രമിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കു്‌നന ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുള്ള സംഘടനയാണ് ഇത്.

SCROLL FOR NEXT