കളമശ്ശേരി പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയത് എറണാകുളത്തെ വൻ ലഹരി സംഘമെന്ന് പൊലീസ്. കേസിൽ പിടിയിലായ അഹെന്തോ മണ്ഡൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികൾ ആണെന്നാണ് കണ്ടെത്തൽ. ഇവർ ഹോസ്റ്റൽ വിദ്യാർഥികളുമായി ഇടപാട് തുടങ്ങിയിട്ട് ഏഴ് മാസമായെന്നും ഇവർ പൊലീസിന് മൊഴി നൽകി.
എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് വിൽപന നടത്തിയത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. കേസിൽ നേരത്തെ പിടിയിലായ ഷാലിഖിനാണ് ഇതര സംസ്ഥാന കഞ്ചാവ് മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ്.
ഇന്നലെ നെടുമ്പാശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി പിടിക്കൂടിയ മൂർഷിദാബാദ് സ്വദേശി ദീപക്കും ഈ ഗ്യാങ്ങിലെ അംഗമാണ്. ആറ് തവണയോളം കഞ്ചാവ് ഷാലിഖിന് കൈമാറിയെന്നും മൊഴിയുണ്ട്. ഏറ്റവും ഒടുവിൽ കൈമാറിയത് നാല് ബണ്ടിൽ എന്നും പിടിയിലായ സൊഹൈൽ പൊലീസിനോട് പറഞ്ഞു.
ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവർ കഴിഞ്ഞദിവസമാണ് പിടിയിലായത്. കഞ്ചാവ് ഒരു കിലോയ്ക്ക് 16000രൂപയായിരുന്നു ഈടാക്കിയത്. കടമായും പ്രതികൾ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.