ക്രിസ്തുമസിന് കരോൾ ഗാനത്തിൽ മിന്നിത്തിളങ്ങുന്ന ക്രിസ്തുമസ് ട്രീകൾ ഏറെ കണ്ടിട്ടുണ്ട് നാം. വർണം വിതറും ലൈറ്റുകളും കടലാസുകളും നക്ഷത്രങ്ങളും സമ്മാനപ്പൊതികളുമെല്ലാം ക്രിസ്തുമസിന്റെ ആനന്ദക്കാഴ്ചകളാണ്. എന്നാൽ കരോൾ ഗാനങ്ങൾ പാടുന്ന ജീവനുള്ള ക്രിസ്തുമസ് ട്രീ കണ്ടാലോ. ഒരു ജീവനുള്ള സിങ്ങിങ് ട്രീ. അതാണ് അമേരിക്കയിലെ മിഷിഗണിൽ മോണഷോർസ് ഹൈസ്കൂളിലെ ക്രിസ്തുമസ് ട്രീ. 40 വർഷമായി ലോകമെമ്പാടും ജനശ്രദ്ധയാകർഷിച്ച പാട്ടുപാടുന്ന ക്രിസ്തുമസ് ട്രീ ഇവരുടെ മാസ്റ്റർ പീസാണ്.
67 അടിയാണ് ഈ ക്രിസ്തുമസ് മരത്തിന്റെ ഉയരം. 15 വരികളിലായി നിൽക്കുന്ന 180 ഗായകർ. മഞ്ഞു പൊഴിയുന്ന ക്രിസ്തുമസ് ഈവ് മനോഹരമാക്കുന്നത് ഈ സിങ്ങിങ് ക്രിസ്തുമസ് ട്രീയാണ്. 25000 എൽഇഡി ലൈറ്റുകളും നിറയെ നക്ഷത്രങ്ങളും കൊണ്ട് നിർമിതമായ സ്റ്റീൽ ഫ്രെയിമിൽ മിന്നുന്ന ഡിസ്പ്ലേ. സിങ്ങിങ് ട്രീയെ കൂടുതൽ മനോഹരിതമാക്കാൻ 50 അംഗ വിദ്യാർഥികളുടെ ഓർക്കസ്ട്ര സംഘവും പിന്നണിയിൽ.
ഈ ക്രിസ്തുമസ് ട്രീയിൽ ഏറ്റവും മുകളിലെ നക്ഷത്രത്തിനു തൊട്ടു താഴെയാണ് വൃക്ഷ മാലാഖയുടെ സ്ഥാനം. ഓരോ വർഷവും പ്രത്യേകം തിരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് ആ സ്ഥാനം നൽകും. ഇത്തവണ വൃക്ഷ മാലാഖയായത് വീൽ ചെയർ ഉപയോഗിക്കുന്ന ക്വയർ ഗ്രൂപ്പിലെ ആനി എന്ന പെൺകുട്ടിയാണ്. അതിനു താഴെയുള്ള നിരകളിൽ മുതിർന്ന ഗായകർക്കുള്ള സ്ഥാനം. ഏറ്റവും താഴെയുള്ള നിരകളിലായി ജൂനിയർ ഗായകരും അണിനിരക്കുന്നു.
1980 കളിൽ മോണഷോഴ്സ് ഗായക സംഘത്തിൻ്റെ വക്താവായിരുന്ന ഡേവ് ആൻഡേഴ്സണും ഗൈ ഫ്രിസെല്ലിൻ്റെയും ആശയമാണ് ഇത്തരമൊരു അവതരണത്തിനു പിന്നിൽ. 1985 ൽ നോർട്ടൺ ഷോർസിലെ സെൻ്റ് ഫ്രാൻസിസ് ഡി സെയിൽസ് പള്ളിയിൽ ആദ്യമായി പാടുന്ന ക്രിസ്തുമസ് ട്രീ അവതരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സിങ്ങിങ് ട്രീ വീഡിയോകളിലൂടെ ലോകം മുഴുവനും ജനശ്രദ്ധ നേടിയെടുക്കുവാൻ മോണഷോർസ് ഗ്രൂപ്പിനു സാധിച്ചു. ഒരു പ്രാദേശിക സംരംഭമായാണ് തുടക്കമെങ്കിലും ഇപ്പോൾ ഇത് അന്താരാഷ്ട്ര അംഗീകാരം വരെ സ്വന്തമാക്കിയിരിക്കുന്നു. ആളുകൾക്ക് നടുവിൽ, ഉയരെ നിന്നും സിങ്ങിങ് ക്രിസ്തുമസ് ട്രീ ജിങ്കിൾ ബെൽസ് ആലപിക്കുമ്പോൾ, അത് കേവലം ഒരു സംഗീത പ്രകടനം മാത്രമല്ല. സമാധാനത്തിൻ്റെയും ഒരു കൂട്ടമാളുകളുടെ സർഗാത്മകതയുടെയും പ്രതീകം കൂടിയാണ്.