NEWSROOM

അർജന്‍റീനയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി

യുഎസ് ജിയോളജിക്കൽ സർവേയാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തത്

Author : ന്യൂസ് ഡെസ്ക്


അർജന്‍റീനയിൽ വൻ ഭൂകമ്പമെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കൽ സർവേയാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. അർജന്‍റീനയിലെ ഉഷുവായ നഗരത്തിന് 219 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് ഭൂകമ്പമുണ്ടായത്.

ഭൂകമ്പത്തെ തുടർന്ന് അർജന്‍റീന, ചിലി, തുടങ്ങിയ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.  വ്യാഴാഴ്ച അർജന്‍റീനയിലെ ലാ റിയോജ പ്രവിശ്യയിൽ 5.83 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു.

മഗല്ലൻസ് മേഖലയിലെ തീരപ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ചിലിയുടെ  പ്രസിഡൻ്റ്  ഗബ്രിയേൽ ബോറിക് പൊതുജനങ്ങളോട് അഭ്യർഥിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ സമുദ്രനിരപ്പിൽ നിന്ന് 30 മീറ്റർ ഉയരത്തിലുള്ള സുരക്ഷിത പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിബിസിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT