ബഹിരാകാശം എന്നും മനുഷ്യന് അത്ഭുതമാണ്. ബഹിരാകാശത്തെ ഓരോ കണ്ടുപിടിത്തങ്ങൾക്കും നിരീക്ഷണങ്ങൾക്കും വേണ്ടി എന്നും ആകാംക്ഷയോടെയാണ് നമ്മൾ കാത്തിരിക്കാറുള്ളതും. ഇപ്പോഴിതാ അത്തരത്തിൽ കൗതുകമുള്ളതും എന്നാൽ ആശങ്കപ്പെടുത്തുന്നതുമായ ഒരു വാർത്തയാണ് ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയിലേക്ക് ഒരു ഛിന്നഗ്രഹം ഇടിച്ചിറങ്ങാൻ 72ശതമാനം സാധ്യതയുള്ളതായി ആണ് യു എസ് ബഹിരാകാശ ഏജൻസിയായ നാസ വ്യക്തമാക്കുന്നത്.
ഏകദേശം 8 അടിയോളം വലിപ്പം വരുന്ന ഛിന്നഗ്രഹത്തിന്റെ വേഗത 16500 കിലോമീറ്റർ ആണ്. നിലവിൽ ഭൂമിയുമായുള്ള അതിന്റെ അകലം സുരക്ഷിതമാണെങ്കിലും 2038 ജൂലൈ 12 ന് ഇത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയാണെന്നും നാസ നിരീക്ഷിക്കുന്നു.അമോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഇതിന് ആസ്ട്രോയ്ഡ് 2024 KN1 എന്നാണ് പേര് നൽകിയിരിക്കുന്നത്. സാധാരണയായി ഭൂമിയിലെത്തുന്ന ഇത്തരം ബഹിരാകാശ ശിലകൾ കത്തിത്തീരാറുണ്ടെങ്കിലും, വലിയ ഛിന്നഗ്രഹങ്ങളെ ഇല്ലാതാക്കാൻ ഭൂമിയുടെ അന്തരീക്ഷത്തിന് സാധിക്കില്ല എന്നും, ഭൂമിക്ക് അതിനെ പ്രതിരോധിക്കാനുള്ള കഴിവില്ല എന്നും നാസ വിലയിരുത്തി.
അതേസമയം ഭൂമിയോടടുക്കുന്ന ഛിന്നഗ്രഹങ്ങളെപ്പറ്റി പഠിക്കാനുള്ള കൂടുതൽ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും, നാസയുടെ സെൻ്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ്, പാൻ-സ്റ്റാർസ്, കാറ്റലീന സ്കൈ സർവേ തുടങ്ങിയ പദ്ധതികൾ ഇത്തരം ആകാശഗോളങ്ങളെ നിരീക്ഷിക്കുകയാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.