NEWSROOM

അധികാരമേറ്റ് ദിവസങ്ങൾക്കകം മെക്സിക്കൻ മേയർ കൊല്ലപ്പെട്ടു; പിന്നിൽ ലഹരി മാഫിയ സംഘങ്ങൾ?

മെക്സികോയിലെ ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി അംഗമായിരുന്നു അലജാൻഡ്രോ ആർക്കോസ്

Author : ന്യൂസ് ഡെസ്ക്



ചുമതലയേറ്റ് ആറാം ദിവസം മെക്സിക്കോ സിറ്റി മേയർ കൊല്ലപ്പെട്ടു. ചിൽപാൻസിംഗ് നഗരത്തിൻ്റെ മേയറായിരുന്ന അലജാൻഡ്രോ ആർക്കോസിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഗുറേറോ സെനറ്റർ എവ്‌ലിൻ സൽഗാഡോ ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിനു പിന്നിൽ ലഹരി മാഫിയ സംഘങ്ങളാണെന്നാണ് പ്രാഥമിക വിവരം.

തെക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ ഏകദേശം 280,000 ജനങ്ങളുള്ള ചിൽപാൻസിംഗ് നഗരത്തിൻ്റെ മേയറായി അധികാരമേറ്റ് ആറ് ദിവസത്തിന് ശേഷമാണ് അലജാൻഡ്രോ ആർക്കോസ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിൽ പിക് അപ് ട്രക്കിൽ മേയറുടെ മൃതദേഹം കിടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മരണം പുറത്തറിഞ്ഞത്.

മെക്സികോയിലെ ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി അംഗമായിരുന്നു അലജാൻഡ്രോ ആർക്കോസ്. പുതിയ സിറ്റി ഗവൺമെൻ്റിൻ്റെ സെക്രട്ടറി ഫ്രാൻസിസ്കോ ടാപിയ വെടിയേറ്റ് മരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ആർക്കോസിൻ്റെ മരണം. ആർഡില്ലോസ്, ത്ലാക്കോസ് എന്നീ ലഹരി മാഫിയ സംഘങ്ങളുടെ ഏറ്റുമുട്ടലുകളും അതിക്രമങ്ങളും നിരന്തരം നടക്കുന്ന സിറ്റിയാണ് ചിൽപാൻസിംഗ്. ജൂൺ 2 ന് നടന്ന മെക്സിക്കൻ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആറു സ്ഥാനാർഥികളാണ് കൊല്ലപ്പെട്ടത്.

SCROLL FOR NEXT