NEWSROOM

തുടരുന്ന അവഗണന; ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തിയിട്ട് ഒരു മാസം, മത്സ്യതൊഴിലാളികൾക്ക് റേഷനെത്തിയില്ല

തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് ജൂൺ 9 മുതൽ ജൂലൈ 31 വരെ സൗജന്യ റേഷൻ നൽകാൻ ഉത്തരവിറങ്ങിയിരുന്നു

Author : ന്യൂസ് ഡെസ്ക്

സൗജന്യറേഷൻ വിതരണം മുടങ്ങിയതോടെ സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ. ട്രോളിംഗ് നിരോധനം തുടങ്ങി 25 ദിവസം കഴിഞ്ഞിട്ടും മത്സ്യതൊഴിലാളികൾക്ക് അർഹതപ്പെട്ട സൗജന്യ റേഷൻ ഇതുവരെയും നൽകിയിട്ടില്ല. അർഹരായ ഗുണഭോക്താക്കളുടെ പട്ടിക ഫിഷറീസ് വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന് കൈമാറിയിയിട്ടുണ്ടെങ്കിലും പട്ടിക പരിശോധന പൂർത്തിയായിട്ടില്ല എന്ന വിചിത്ര മറുപടിയാണ് സിവിൽ സപ്ലൈസ് വകുപ്പ് നൽകുന്നത്. വറുതിയുടെ കാലത്ത് മത്സ്യതൊഴിലാളികളെ കൂടുതൽ ദുരിതത്തിൽ ആക്കുകയാണ് വകുപ്പുകളുടെ ഏകോപനമില്ലായമ.

ജൂൺ 9 ന് അർദ്ധരാത്രി മുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചത്. മത്സ്യതൊഴിലാളികൾക്ക് ഇത് വറുതിയുടെ നാളുകളാണ്. ട്രോളിങ് നിരോധനം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും മത്സ്യതൊഴിലാളികൾക്ക് അർഹതപ്പെട്ട സൗജന്യ റേഷൻ ലഭിച്ചിട്ടില്ല.

മത്സ്യതൊഴിലാളി കുടുംബങ്ങളിൽ എപിഎൽ, ബിപിഎൽ വിഭാഗങ്ങളിലായി 54944 ഗുണഭോക്താക്കളാണ് ഉള്ളത്. 21978 ഗുണഭോക്താക്കളാണ് ട്രോളിംഗ് കാലത്തെ സൗജന്യ റേഷന് അർഹരായിട്ടുള്ളവർ. മഞ്ഞ കാർഡ് ഉടമകൾക്ക് 35 കിലോ ഭക്ഷ്യധാന്യം, ചുവപ്പ് കാർഡ്‌ ഉടമകൾക്ക് ഒരു കുടുംബത്തിലെ ഒരു അംഗത്തിനുവീതം 5 കിലോ ഭക്ഷ്യ ധാന്യം, നീല കാർഡ് ഉടമകൾക്ക് 2 കിലോ അരി, വെള്ള കാർഡ്‌ ഉടമകൾക്ക് 5 കിലോ അരി എന്നിങ്ങനെയാണ് ട്രോളിംഗ് നിരോധന കാലത്തെ സൗജന്യ റേഷൻ.

തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് ജൂൺ 9 മുതൽ ജൂലൈ 31 വരെ സൗജന്യ റേഷൻ നൽകാൻ ഉത്തരവിറങ്ങിയിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം 3112 പേരാണ് സൗജന്യ റേഷന് അർഹരായിട്ടുള്ളത്. ഈ പട്ടിക ജൂൺ 14ന് ഭക്ഷ്യവകുപ്പിന് കൈമാറിയെന്ന് കോഴിക്കോട്ടെ ഫിഷറീസ് വകുപ്പ് പറയുന്നു. സമാന അവസ്ഥ മറ്റു ജില്ലകളിലുമുണ്ട്.

സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ റേഷൻ കടകളിലേക്ക് ഇതുവരെയും ഗുണഭോക്താക്കളുടെ പട്ടിക ലഭിച്ചിട്ടില്ലെന്ന് റേഷൻ കടയുടമകൾ പറയുന്നു. ട്രോളിങ് നിരോധന കാലത്ത് മത്സ്യതൊഴിലാളികൾക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും കൃത്യ സമയത്ത് ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. മത്സ്യമേഖലയോടുള്ള അവഗണന അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

SCROLL FOR NEXT