NEWSROOM

മകളുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി; പണവും ആഭരണങ്ങളും കാണാതായി!

വരൻ വധുവിൻ്റെ വീട് പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും,ഭാര്യാ മാതാവിന് മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നുവെന്നും യുവതിയുടെ ഒരു ബന്ധു പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ വിവാഹത്തിന് മുമ്പ് പണവും ആഭരണങ്ങളുമായി അമ്മയേയും പ്രതിശ്രുത വരനെയും കാണാതായി. ഇരുവരും ഒളിച്ചോടിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഏപ്രിൽ 16നാണ് മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചത്. ഇതിനു മുന്നേയാണ് യുവതിയുടെ 40 വയസുകാരിയായ അമ്മയും പ്രതിശ്രുത വരനും ഒളിച്ചോടിയത്. 2.5 ലക്ഷം രൂപയും ആഭരണങ്ങളുമാണ് നഷ്ടമായത്.

ഞായറാഴ്ച രാത്രിയോടെ വരൻ വിവാഹ വസ്ത്രം വാങ്ങാൻ എന്ന വ്യാജേന വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നാലെ പിതാവിനെ വിളിച്ച് "ഞാൻ പോകുന്നു.എന്നെ കണ്ടെത്താൻ ശ്രമിക്കരുത്",എന്ന് വിളിച്ചറിയിക്കുകയും ചെയ്തു. ഏകദേശം അതേ സമയത്ത് തന്നെ വധുവിൻ്റെ അമ്മയേയും കാണാതായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരുമിച്ച് ഒളിച്ചോടിയതായി സ്ഥിരീകരിക്കുകയായിരുന്നു.

വധുവിൻ്റെ മാതാവിനെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും കുടുംബാംഗങ്ങളിൽ നിന്ന് പൊലീസ് മൊഴി എടുത്തിട്ടുണ്ട്. വരൻ ഉത്തരാഖണ്ഡിൽ ജോലി ചെയ്യുന്നതിനാൽ, അയാൾ അവിടെ ഉണ്ടാകാനാണ് സാധ്യതയെന്നാണ് പൊലീസ് സംശയിക്കുന്നത്. ബസ് സ്റ്റാൻഡുകളിലെയും,റെയിൽവേ സ്റ്റേഷനുകളിലേയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

വരൻ വധുവിൻ്റെ വീട് പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും,ഭാര്യാ മാതാവിന് മൊബൈൽ ഫോൺസമ്മാനമായി നൽകിയിരുന്നുവെന്നും യുവതിയുടെ ഒരു ബന്ധു പറഞ്ഞു. അതിനുശേഷം ഇരുവരും അടുത്ത ബന്ധം തുടർന്നെങ്കിലും,അത് ഇങ്ങനെയാകുമെന്ന് ആരും കരുതിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT