തിരുവനന്തപുരം വെള്ളറടയിൽ ഇരുചക്രവാഹനം ഇടിച്ച് പരുക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ച് യാത്രക്കാർ കടന്നുകളഞ്ഞു. പരുക്കേറ്റ കലുങ്ക്നട സ്വദേശി സുരേഷ്(52) മുറിയിൽ കിടന്ന് മരിച്ചു. രണ്ട് ദിവസം കഴിഞ്ഞ് മുറിയിൽ നിന്നും ദുർഗന്ധം വന്നതിനു ശേഷമാണ് മരണവിവരം നാട്ടുകാർ അറിയുന്നത്. അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരെ കണ്ടെത്തുന്നതിനായി വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടക്കുന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ് റോഡിൽ കിടക്കുന്ന സുരേഷിനെ ഒരാൾ വന്ന് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ആദ്യം കാണുന്നത്. ഇതിനുശേഷം പരിക്കേറ്റ സുരേഷിനെ തൊട്ടടുത്ത് തന്നെയുള്ള, ഇയാൾ താമസിക്കുന്ന മുറിയിൽ ഉപേക്ഷിച്ച ശേഷം ബൈക്ക് യാത്രികർ കടന്നു കളഞ്ഞു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ സുരേഷ് മുറിയിൽ കിടന്ന് മരിക്കുകയായിരുന്നു.
രണ്ടുദിവസത്തിനുശേഷം മുറിയിൽ നിന്നും ദുർഗന്ധം വന്നതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സുരേഷ് ഒറ്റയ്ക്കായിരുന്നു ഈ മുറിയിൽ താമസം. അതുകൊണ്ടുതന്നെ മരണ വിവരം ആരും അറിഞ്ഞില്ല. അപകടമുണ്ടാക്കിയ ബൈക്കിനെക്കുറിച്ചും സൂചന ഇല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടമുണ്ടായപ്പോൾ തന്നെ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഇയാളുടെ ജീവൻ രക്ഷിക്കാമായിരുന്നു. അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരെ പിടികൂടിയാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകു എന്നാണ് പൊലീസിൻറെ വിശദീകരണം . അന്വേഷണം പുരോഗമിക്കുന്നതായും ഉടൻതന്നെ ഇവരെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.