കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്മെന്റ് (കവചം) സിസ്റ്റം രാജ്യത്തെ ആദ്യ അതിവേഗ രക്ഷാ പ്രവർത്തനം, മുന്നറിയിപ്പ് സംവിധാനമൊരുക്കുന്ന സംരംഭമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവചം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"പത്ത് പ്രകൃതി ദുരന്തങ്ങൾക്ക് നാട് ഇരയായി. അതിന്റെ കടുത്ത ദൂഷ്യ വശങ്ങൾ അനുഭവിക്കുന്ന നാടായി കേരളം മാറി. കവചത്തിലൂടെ അതിവേഗ രക്ഷാ പ്രവർത്തനം, മുന്നറിയിപ്പ് സംവിധാനം തുടങ്ങിയവ ഒരുക്കുകയാണ് പ്രധാനം. സംസ്ഥാനത്ത് ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ കവചത്തിന് കീഴിൽ കൊണ്ടുവരും. അതിന് ഇനിയും സൈറണുകൾ സ്ഥാപിക്കേണ്ടതുണ്ട്. സിറ്റിസൻ പോർട്ടൽ, എമർജൻസി കോൾ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുവഴി സഹായം അഭ്യർഥിക്കാം" മുഖ്യമന്ത്രി പറഞ്ഞു.
"സഹായം അഭ്യർത്ഥിക്കുന്ന ആളുടെ ലൊക്കേഷൻ രക്ഷാ പ്രവർത്തകർക്ക് ഞൊടിയിടയിൽ കൈമാറും. ഏറ്റവും മികച്ച സംവിധാനങ്ങളാണ് കവചത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജനങ്ങൾ പൂർണമായും സഹകരിക്കണം. ഒരു തവണ മുന്നറിയിപ്പുണ്ടായിട്ടും ദുരന്തം ഉണ്ടായില്ലെങ്കിലും, അടുത്ത മുന്നറിയിപ്പിലും സഹകരിക്കണം. ആവശ്യമെങ്കിൽ നിർദേശാനുസരണം മാറി താമസിക്കാൻ തയാറാകണം. ഒത്തൊരുമയോടെ ദുരന്ത ലഘൂകരണ നടപടികൾ നമുക്ക് വിജയിപ്പിക്കാം" മുഖ്യമന്ത്രി പറഞ്ഞു.