NEWSROOM

പോരാട്ടം ബിജെപിക്കും ആർഎസ്എസിനും ഭരണകൂടത്തിനുമെതിരെ എന്ന പരാമർശം; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്

രാഹുലിൻ്റെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധി ലംഘിച്ചുവെന്നും, പൊതുക്രമത്തിനും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തിയെന്നും പരാതിക്കാരനായ മൊൻജിത് ചേതിയ പറയുന്നു

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ ഭരണകൂടവുമായി പോരാടുമെന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപിക്കെതിരെ കേസ്. ഗുവാഹത്തി പൊലീസാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. പരാമര്‍ശം ദേശസുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്നാണ് പരാതി.

ഭാരതീയ ന്യായ സംഹിതയുടെ 152, 197 (1) d വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. രാഹുലിൻ്റെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധി ലംഘിച്ചുവെന്നും, പൊതുക്രമത്തിനും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തിയെന്നും പരാതിക്കാരനായ മൊൻജിത് ചേതിയ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുലിനെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും പരാതിയില്‍ ആരോപണമുണ്ട്.

ഇന്ത്യൻ ഭരണകൂട സ്ഥാപനങ്ങൾ ബിജെപിയും ആർഎസ്എസും പിടിച്ചെടുത്തു. അതുകൊണ്ട് ഇന്ത്യൻ സർക്കാരിനെതിരെ പോരാടേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജനുവരി 15ന് ഡൽഹിയിലെ കോട്‌ല റോഡിൽ കോൺഗ്രസ് പാർട്ടിയുടെ പുതിയ ആസ്ഥാനത്തിൻ്റെ ഉദ്ഘാടന വേളയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന.

SCROLL FOR NEXT