ലോകത്തിലെ തന്നെ സമ്പന്നമായ രാജ്യങ്ങളിലൊന്നായ അർജൻ്റീന ഇന്ന് ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രകാരം നാലരക്കോടിയോളം ജനം പട്ടിണിയിലാണ് കഴിയുന്നതെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ലോകത്തിലെ സമ്പന്ന രാജ്യമായിരുന്നു അർജൻ്റീന.
എന്നാൽ ഇന്ന് ആ രാജ്യത്തിന് ഇന്ന് പറയാനുള്ളത് ദാരിദ്ര്യത്തിൻ്റെ കഥകൾ മാത്രമാണ്. 2024 ലെ ആദ്യ ആറുമാസത്തെ കണക്കുകൾ പുറത്തുവന്നപ്പോൾ രാജ്യത്തെ ദരിദ്രരുടെ അനുപാതം 52.9 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം അവസാനത്തിൽ ഇത് 41.7 ശതമാനമായിരുന്നു. സർക്കാരിൻ്റെ INDEC സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
20-ാം നൂറ്റാണ്ടിൽ സമ്പന്നമായിരുന്ന രാജ്യത്ത് 1940ഓടെ നടപ്പിൽ വരുത്തി തുടങ്ങിയ നയങ്ങളാണ് സമ്പദ് വ്യവസ്ഥയിൽ തിരിച്ചടിയായതെന്നാണ് വിദഗ്ധർ പറയുന്നത്. തുടർന്ന് വന്ന സർക്കാരുകളുടെ നയങ്ങളും സൈനിക അട്ടിമറിയും കോവിഡുമെല്ലാം സമ്പദ് വ്യവസ്ഥയെ കൂടുതൽ സങ്കീർണമാക്കി.
ഓഗസ്റ്റിൽ അർജൻ്റീനയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് 230 ശതമാനത്തിൽ കൂടുതലായിരുന്നു. ഡിസംബറിൽ പുതിയ പ്രസിഡൻ്റ് ജാവിയർ മിലെയ് ചുമതലയേറ്റതിന് ശേഷം എടുത്ത തീരുമാനങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയെന്നും റിപ്പോർട്ടുണ്ട് . ഇന്ധന-ഊർജ സബ്‌സിഡികൾ വെട്ടിക്കുറച്ച സർക്കാർ, ആയിരക്കണക്കിന് സിവിൽ സർവീസുകാരെ പിരിച്ചുവിടുകയും ചെയ്‌തിരുന്നു.