തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയെ കാണാതായ സംഭവത്തിൽ രക്ഷാദൗത്യത്തിന് റോബോട്ടിക് സംവിധാനം ഉപയോഗപ്പെടുത്തുന്നു. രാത്രി ഒൻപതു മണിയോടെ റോബോട്ടിനെ മാൻഹോളിലേക്ക് ഇറക്കി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. റോബോട്ടിൻ്റെ പ്രവർത്തനങ്ങൾ മോണിറ്റർ വഴി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് കമ്പനിയുടേതാണ് റോബോട്ട്. രക്ഷാദൗത്യത്തിന് ദേശീയ ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട്. ഫയർ ഫോഴ്സും, സ്കൂബാ ഡൈവിംഗ് ടീമും മണിക്കൂറുകളോളം തെരഞ്ഞിട്ടും കണ്ടെത്താനായില്ല. ഇന്ന് രാവിലെ പത്തു മണിയോടെയാണ് തോട് വൃത്തിയാക്കുന്നതിനിടെ ജോയിയെ കാണാതാകുന്നത്. റെയിൽവേയുടെ നിർദേശ പ്രകാരം നാലു പേരാണ് ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയത്.