NEWSROOM

പുൽപ്പള്ളിയിൽ വീണ്ടും കടുവയെ കണ്ടതായി വെളിപ്പെടുത്തി സ്കൂട്ടർ യാത്രികൻ; തിരച്ചിൽ നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

രാത്രി 7.30ഓടെ കടുവ എരിയപ്പള്ളി-വേടങ്കോട് റോഡില്‍ കാപ്പിത്തോട്ടത്തില്‍ നിന്നും റോഡ് മുറിച്ച് കടന്നുവരികയായിരുന്നു

Author : ന്യൂസ് ഡെസ്ക്


പുൽപ്പള്ളിയിൽ വീണ്ടും കടുവയെ കണ്ടതായി വെളിപ്പെടുത്തി സ്കൂട്ടർ യാത്രികൻ. എരിയപ്പള്ളി-വേടങ്കോട് റോഡില്‍ വെച്ചാണ് കടുവയെ കണ്ടതെന്ന് പ്രദേശവാസി പ്രവീൺ വെളിപ്പെടുത്തി. വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോഴാണ് കടുവയെ കണ്ടത്.

രാത്രി 7.30ഓടെ കടുവ എരിയപ്പള്ളി-വേടങ്കോട് റോഡില്‍ കാപ്പിത്തോട്ടത്തില്‍ നിന്നും റോഡ് മുറിച്ച് കടന്നുവരികയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. കാപ്പിത്തോട്ടത്തില്‍ കടുവയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയ്ക്കായി നാളെയും പരിശോധന തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇന്ന് ഉച്ചയോടെ പുൽപ്പള്ളിയിലെ കൃഷിയിടത്തിലും കടുവയെ കണ്ടതായി നാട്ടുകാർ ആരോപിച്ചിരുന്നു. വഴിയാത്രക്കാരനായ കാര്യംപാതി ഉന്നതിയിലെ കുഞ്ചുവാണ് കടുവയെ കണ്ടത്. കടുവയെ കണ്ട് ഭയന്നോടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

പ്രദേശത്ത് നിരീക്ഷണത്തിനായി ക്യാമറാ ട്രാപ്പുകള്‍ സ്ഥാപിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനം വകുപ്പ് അറിയിച്ചു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് പ്രദേശവാസിയായ പ്രണവം ബാബു കടുവയെ കണ്ടിരുന്നു. മേഖലയില്‍ തുടര്‍ച്ചയായി കടുവയെ കണ്ട സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

SCROLL FOR NEXT