NEWSROOM

'പഞ്ചാബിഹൗസ് ' നിര്‍മാണത്തില്‍ ഗുരുതര പിഴവ്; ഹരിശ്രീ അശോകന് നഷ്ടപരിഹാരമായി 17 ലക്ഷം നൽകണം

തുക ഒരു മാസത്തിനകം നൽകാനാണ് ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍റെ 'പഞ്ചാബിഹൗസ് ' എന്ന വീടിന്‍റെ ഫ്ളോര്‍ നിര്‍മാണം നടത്തിയവര്‍ക്ക് ഗുരുതരമായ പിഴവ് സംഭവിച്ചുവെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. നഷ്ടപരിഹാരമായി 17,83, 641 രൂപ എതിര്‍കക്ഷികള്‍ അശോകന് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. എതിര്‍ കക്ഷികളുടെ പ്രവര്‍ത്തി അധാര്‍മ്മികമായ വ്യാപാര രീതിയുടെയും സേവന ന്യൂനതയുടെയും ഉദാഹരണമാണെന്ന് കോടതി വിലയിരുത്തി.

'പഞ്ചാബി ഹൗസ് ' എന്ന വീടിന്‍റെ ഫ്‌ളോര്‍ ടൈല്‍സ് അശോകന്‍ വാങ്ങിയത് എറണാകുളത്തെ പി.കെ ടൈല്‍സ് സെന്‍റര്‍, കേരള എ.ജി.എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ്. എന്‍. എസ് മാര്‍ബിള്‍ വര്‍ക്‌സിന്‍റെ ഉടമ കെ.എ. പയസിന്‍റെ നേതൃത്വത്തിലാണ് ടൈല്‍സ് വിരിക്കുന്ന പണികള്‍ നടന്നത്. എന്നാല്‍, വാങ്ങി തറയില്‍ സ്ഥാപിച്ച് അധിക നാളുകള്‍ കഴിയും മുന്‍പ് ടൈലുകള്‍ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങി. തറയുടെ പല ഭാഗത്തും വിടവുകള്‍ വന്ന് അവയിലൂടെ വെള്ളവും മണ്ണും മുകളിലേക്ക് പ്രവേശിക്കാൻ തുടങ്ങുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പലവട്ടം എതിര്‍ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ലായെന്ന് അശോകനു വേണ്ടി ഹാജരായ അഡ്വ. ടി.ജെ. ലക്ഷ്മണ അയ്യര്‍ കോടതിയില്‍ പറഞ്ഞു. വാങ്ങിയ ഉല്‍പ്പന്നത്തിന്‍റെ ബില്ലുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ അശോകന് സാധിച്ചില്ലായെന്നും ഫ്‌ളോര്‍ ടൈലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നതിന് തെളിവുകളില്ലായെന്നുമായിരുന്നു എതിര്‍ കക്ഷികളുടെ വാദം. ടൈല്‍ വിരിക്കുന്ന ജോലികള്‍ ഏറ്റെടുത്തത് തങ്ങളല്ലെന്നും എതിർകക്ഷികൾ കോടതിയിൽ വ്യക്തമാക്കി. 

ഉല്‍പ്പന്നം വാങ്ങിയത് സംബന്ധിച്ച് ഇന്‍വോയിസോ വാറന്‍റി രേഖകളോ നല്‍കാതെ ഉപഭോക്താവിനെ കബളിപ്പിച്ച എതിര്‍കക്ഷികള്‍ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരമുള്ള അറിയാനുള്ള അവകാശത്തെ ലംഘിച്ചുവെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താവിനെ കോടതി നടപടികളിലേക്ക് എത്തിച്ച എതിര്‍കക്ഷികളുടെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലായെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരനുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി എതിര്‍കക്ഷികള്‍ 16,58,641രൂപ നല്‍കണം. കൂടാതെ, നഷ്ടപരിഹാര ഇനത്തില്‍ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.

ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

SCROLL FOR NEXT