NEWSROOM

സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനയോ? ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നുവെന്ന സൂചനകള്‍ വന്നതിനു പിന്നാലെയാണ് വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്

Author : ന്യൂസ് ഡെസ്ക്

ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ നിഫ്റ്റിയും സെന്‍സെക്‌സും തുടക്ക വ്യാപാരത്തില്‍ തന്നെ ഉയര്‍ന്ന നഷ്ടം രേഖപ്പെടുത്തി. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നുവെന്ന സൂചനകള്‍ വന്നതിനു പിന്നാലെയാണ് വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

സെന്‍സെക്‌സ് 2600 പോയിന്‍റ് കുറഞ്ഞ് 78,385.49ല്‍ എത്തി. നിഫ്റ്റി 463.50 കുറഞ്ഞ് 24,254.20 ആയി. രൂപയ്ക്കും തിരിച്ചടിയുണ്ടായി. ഡോളറിനെതിരെ 83.80 എന്ന സര്‍വകാല റെക്കോര്‍ഡ് ഇടിവാണ് രൂപയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഓഹരി വിപണിയിലെ ഇടിവും, ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന അനശ്ചിതത്വവുമാണ് രൂപയുടെ വീഴ്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്.

വമ്പന്മാരായ ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ലു സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, മാരുതി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ക്ക് വലിയ നഷ്ടമുണ്ടായി. എന്നാല്‍, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് വിപണിയില്‍ ചെറിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു.


അമേരിക്കന്‍ തൊഴില്‍ വളര്‍ച്ച താഴേക്ക് വരുന്നുവെന്ന ഡാറ്റ വെള്ളിയാഴ്ച വിപണി അടച്ച ശേഷം പുറത്തു വന്നിരുന്നു. ഡാറ്റ പ്രകാരം ജൂലൈയില്‍ പ്രതീക്ഷിച്ചതിലും കുറവാണ് തൊഴില്‍ വളര്‍ച്ച. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണോ എന്ന ഭീതിക്ക് ഇത് വഴിവെച്ചു. ഇതു കാരണം വിപണിയില്‍ വലിയ തോതില്‍ ഷെയറുകള്‍ വിറ്റഴിക്കാന്‍ തുടങ്ങി. മാത്രമല്ല, നവംബറില്‍ നടക്കുന്ന യുഎസ് ഇലക്ഷന്‍ നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ആര് അധികാരത്തില്‍ വരും എന്ന സൂചനകളിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അമേരിക്ക തന്നെ ഒരു 'സ്വിങ്' സ്റ്റേറ്റായി മാറിയിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും ജോ ബൈഡന്‍ പിന്മാറി പകരം കമല ഹാരിസ് വന്നത് തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറ്റിയിരിക്കുകയാണ്. കൂടാതെ, ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലും സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍-ഇസ്രയേല്‍ യുദ്ധമുണ്ടായേക്കുമെന്ന ഭയം വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.

SCROLL FOR NEXT