NEWSROOM

ഓഹരി വിപണിയിലെ തട്ടിപ്പ്; SEBI മുന്‍ മേധാവി മാധബി ബുച്ചിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുംബൈ പൊലീസിന് കോടതി നിര്‍ദേശം നല്‍കി

Author : ന്യൂസ് ഡെസ്ക്

ഓഹരി വിപണി തട്ടിപ്പുമായി ബന്ധപ്പെട്ട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍ മേധാവി മാധബി ബുച്ച് അടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാന്‍ അഴിമതി വിരുദ്ധ പ്രത്യേക കോടതിയുടെ നിര്‍ദേശം. മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുംബൈ പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

അന്വേഷണം പുരോഗതി കോടതി നേരിട്ട് വിലയിരുത്തും. കൃത്യനിര്‍വഹണത്തില്‍ വീഴ്ചകളുണ്ടായതിനും ഗൂഢാലോചന നടന്നതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരു 'നിസ്സാര' ഹര്‍ജിയിലാണ് കോടതി നടപടി സ്വീകരിച്ചതെന്നും തങ്ങളുടെ ഭാഗം പറയാന്‍ അവസരം നല്‍കിയില്ലെന്നും പ്രതികരിച്ച സെബി ഉത്തരവിനെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. ഓഹരി വിപണി തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മാധബി ബുച്ചിന് പുറമേ, ബിഎസ്ഇയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി, അന്നത്തെ ചെയര്‍മാനും പബ്ലിക് ഇന്ററസ്റ്റ് ഡയറക്ടറുമായ പ്രമോദ് അഗര്‍വാള്‍, സെബിയുടെ മൂന്ന് മുഴുവന്‍ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായണ്‍ ജി, കമലേഷ് ചന്ദ്ര വര്‍ഷ്ണി എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശം.

1992 ലെ സെബി നിയമവും അതിന്റെ കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ സെബിയുടെ ഒത്താശയോടെ, ഒരു കമ്പനിയെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വഞ്ചനാപരമായി ലിസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടതാണ് ആരോപണങ്ങള്‍.

സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട വിദേശ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്ന റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് മാധബി ബുച്ചിന് ഓഹരിയുള്ളത്. വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

SCROLL FOR NEXT