NEWSROOM

'ഇന്ന് വൈകീട്ട് തിരിച്ചു വരും'; ഇൻസ്റ്റഗ്രാമിൽ കുടുംബത്തെ വീഡിയോ കോൾ ചെയ്ത് കണ്ണൂരിൽ നിന്ന് കാണാതായ വിദ്യാർഥി

കുട്ടിയുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്



കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നും കാണാതായ വിദ്യാര്‍ഥി ആര്യൻ വീണ്ടും രക്ഷിതാക്കളുമായി ബന്ധപ്പെട്ടു. ഇൻസ്റ്റാഗ്രാം വഴി കുട്ടി വീഡിയോ കോൾ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. ഇന്ന് വൈകീട്ട് തിരിച്ചുവരുമെന്ന് ആര്യൻ പറഞ്ഞതായും രക്ഷിതാക്കൾ അറിയിച്ചു. കുട്ടിയുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

താൻ സേഫ് ആണെന്നും തിരിച്ചെത്തുമെന്നും അറിയിച്ച് ഇന്ന് രാവിലെയും ആര്യൻ ഇൻസ്റ്റാഗ്രാം വഴി കുടുംബത്തിന് മെസേജ് അയച്ചിരുന്നു. മെസേജ് ലഭിച്ച വിവരം കുടുംബം പൊലീസിലും അറിയിച്ചിട്ടുണ്ട്. അമ്മയുടെ ഫോണിലേക്കാണ് ആര്യന്റെ മെസേജ് എത്തിയത്. കഴിഞ്ഞദിവസമാണ് കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യനെ കാണാതായത്.

സ്കൂളില്‍ പോയ വിദ്യാര്‍ഥി തിരികെ വീട്ടിലെത്തിയിരുന്നില്ല. സ്കൂൾ ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയിരുന്നു. വൈകിയിട്ടും ആര്യനെ കാണാതായതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ധ്യയ്ക്ക് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലും, പഴയ ബസ് ബസ് സ്റ്റാൻഡിലും കുട്ടിയെ കണ്ടതായി വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ആര്യൻ അമ്മയ്ക്ക് മെസേജ് അയക്കുന്നത്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT