ടോക്കിയോയെ പ്രളയങ്ങളില്‍ നിന്ന് രക്ഷിച്ചുകൊണ്ട് നഗരത്തിന്‍റെ വടക്ക് ഭാഗത്തായി പടുകൂറ്റന്‍ ഭൂഗർഭ അറകളുള്ള ഒരു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രമായും പള്ളിയായും കണ്ട് തീർഥാടകരും വിനോദസഞ്ചാരികളും ആരാധിക്കുന്ന ഈ ദുരന്ത പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനായി ശതകോടികള്‍ മാറ്റിവയ്ക്കാനൊരുങ്ങുകയാണ് ജപ്പാന്‍.
ഒറ്റനോട്ടത്തില്‍ വലിയൊരു പാതാള കിണർ, അകത്ത് പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഭൂഗർഭ തുരങ്കങ്ങള്‍, പടുകൂറ്റൻ തൂണുകള്‍, മൂടല്‍ മഞ്ഞാല്‍ മൂടിയ ഉപരിതലം മറ്റൊരു ആകാശമായി തോന്നും. ഇരുണ്ട അറകളുടെ ചുവരുകളില്‍ പുരാതന ക്ഷേത്രങ്ങള്‍ക്ക് സമാനമായ ലിഖിതങ്ങള്‍. എല്ലാ സീസണുകളിലും തീർഥാടകരായും വിനോദസഞ്ചാരികളായും ഇവിടെ സന്ദർശകരുണ്ടാകും. മഴക്കാടുകള്‍ക്ക് സമാനമായ കാലാവസ്ഥയുള്ളതിനാൽ ഇവിടെ വേനല്‍ക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ഇളംചൂടും അനുഭവപ്പെടും.
നിരവധി ജാപ്പനീസ് ഹൊറർ ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുള്ള ഈ ഭൂഗർഭ അറയുടെ വിവരണം ഏതെങ്കിലും നിഗൂഢ കേന്ദ്രത്തിന്‍റേതല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രളയ പ്രതിരോധ സംവിധാനത്തിൻ്റെയാണ്. വടക്കന്‍ ടോക്കിയോ വീഥികള്‍ക്ക് താഴെ, ഒരോ വെള്ളപ്പൊക്കങ്ങളിൽ നിന്നും നഗരത്തെ സംരക്ഷിച്ചുകൊണ്ട് ഈ എൻജിനീയറിംഗ് വിസ്മയം സ്ഥിതിചെയ്യുന്നു.
70 മീറ്റർ ഉയരമുള്ള അഞ്ച് വലിയ സിലിണ്ടർ ടാങ്കുകള്‍. അതില്‍ 100 ഒളിമ്പിക്‌സ് നീന്തല്‍കുളങ്ങളുടെ അത്രയും ജലസംഭരണശേഷി. അഞ്ച് പ്രധാന നദികളും ഡസന്‍ കണക്കിന് പോഷകനദികളാലും ചുറ്റപ്പെട്ട ഈ സ്ഥലം ഒരോ പ്രളയത്തിന് തയ്യാറെടുക്കുമ്പോഴും ഈ സംവിധാനം ഉണരും. നദികളിലെ ജലനിരപ്പുയരുമ്പോള്‍ 6.3 കിലോമീറ്റർ നീളമുള്ള ഭൂഗർഭതുരങ്കങ്ങളിലൂടെ ഈ വലിയ കിണറിലേക്ക് ജലം ഒഴുകിയെത്തും. ഇത് സംഭരണിയില്‍ ശേഖരിക്കും. പിന്നീട് പമ്പുകളുപയോഗിച്ച് എഡോ നദിയിലേക്ക് നിയന്ത്രിതമായ തോതില്‍ തുറന്നുവിടും. അവിടെനിന്ന് കടലിലേക്ക് ഒഴുകുന്നതാണ് പ്രക്രിയ. 18 മീറ്റർ ഉയരമുള്ള 59 തൂണുകളാണ് ഈ സംവിധാനത്തെയാകെ താങ്ങിനിർത്തുന്നത്.
13 വർഷമെടുത്ത് നിർമാണം പൂർത്തിയാക്കിയ ഈ ഭൂഗർഭജലസംഭരണി 2006 ലാണ് സജ്ജമായത്. 13,000 കോടി രൂപയ്ക്കു തുല്യമായ 23,000 കോടി യെന്‍ ആയിരുന്നു ചെലവ്. 2006 മുതല്‍ 15,000 കോടി യെന്നിന്‍റെ വെള്ളപ്പൊക്ക നഷ്ടങ്ങളെ ഈ നിർമ്മിതി ചെറുത്തതായാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കണക്ക്.
ദശാബ്ദങ്ങളായി പ്രകൃതിദുരന്തങ്ങളെ നേരിട്ടുവരുന്ന രാജ്യം, കാലാവസ്ഥാവ്യതിയാനത്തെ മുന്നില്‍കണ്ട് ഈ സംവിധാനത്തെ വികസിപ്പിക്കാനൊരുങ്ങുകയാണ് ജപ്പാൻ. 2023 ലെ ഷാൻഷാൻ ചുഴലിക്കാറ്റ് അടക്കം മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ 37300 കോടി യെൻ ചെലവുവരുന്ന 7 വർഷം നീളുന്ന വികസന പദ്ധതിക്കാണ് ജപ്പാന്‍ രൂപംകൊടുത്തിരിക്കുന്നത്.