പ്രതീകാത്മക ചിത്രം 
NEWSROOM

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സൈന്യം നടത്തിയ വെടിവെയ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു

24 മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയുണ്ടായ വെടിവെയ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കുപ്‌വാരയിലെ കോവുട്ടിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം ജമ്മു കശ്മീർ പൊലീസുമായി സംയുക്ത തിരച്ചിൽ ആരംഭിച്ചത്.

ലോലാബ് താഴ്‌വരയിലെ ആർമിയുടെ ദിവാർ ക്യാമ്പിന് സമീപമാണ് വെടിവെപ്പ് ഉണ്ടായത്. ലോലാബിനെ ബന്ദിപ്പോര, ബാരാമുള്ള ജില്ലകളുമായി ബന്ധിപ്പിക്കുന്ന വനമേഖലയാണ് ഇത്. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാന്നെന്നും സൈന്യം അറിയിച്ചു. ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുപ്‌വാരയിലെ കേരൻ സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് വെടിവയ്പുണ്ടായത്.

ജൂലൈ 14 ന്, കേരനിൽ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയതിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ മേഖലകളിൽ സൈന്യം പരിശോധനയും സുരക്ഷയും ശക്തമാക്കിയിരുന്നു.

SCROLL FOR NEXT